ജെൻഡർ പാർക്ക് ക്യാമ്പസിലെ പ്രവർത്തനങ്ങൾ 11-നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു.എൻ. വിമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടതിലൂടെ സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി കെ. കെ.ശൈലജ പറഞ്ഞു. കോഴിക്കോട് മലാപറമ്പിലുള്ള ജെൻഡർ മ്യൂസിയം, ലൈബ്രറി കൺവെൻഷൻ സെൻറർ, ആംഫി തിയേറ്റർ എന്നിവയുടെ സമർപ്പണം ഫെബ്രുവരി 11-നു രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. വനിതാ സംരംഭകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കാനും വിപണന സ്ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻ്ററി (ഐ ഡബ്ലു ടി സി )ൻ്റെ ശിലാസ്ഥാപനവും ചടങ്ങിൽ നടക്കും.
ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു ജെൻഡർ പാർക്ക് സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിനും (ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാളിറ്റി -2) 11-നു തുടക്കമാവും.
‘സുസ്ഥിര സംരംഭത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്തീകരണത്തിന് മധ്യസ്ഥത’ എന്ന വിഷയത്തെ ആസ്പദമാക്കി ആണ് ഫെബ്രുവരി 11 മുതൽ 13 വരെ യുഎൻ വിമണിൻ്റെ പങ്കാളിത്തത്തോടെ സമ്മേളനം നടത്തുന്നത്.
സമ്മേളനത്തിൽ ഒൻപത് പ്ലീനറി സെഷനുകളും ഒൻപത് പാരലൽ സെഷനുകളുമായി ആഗോള പ്രശസ്തരായ വിദഗ്ധരും ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൂടെയും സംഘടനകളിലൂടെയും സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ നിരവധി വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.
ആലോചന യോഗത്തിൽ എം. എൽ.എമാരായ എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, ജെൻഡർ പാർക്ക് സി.ഇ. ഒ. പി റ്റി മുഹമ്മദ് സുനീഷ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു