കല്പറ്റ നിയോജക മണ്ഡലത്തിലെ പ്രധാന ജലസ്രോതസുകളായ വെണ്ണിയോട് പുഴ, മുട്ടില്‍ പുഴ, ചെറുപുഴ എന്നവ മെയ് 21 ന് രാവിലെ എട്ടുമണി മുതല്‍ 12 വരെ ശുചീകരിക്കുന്നു. പച്ചപ്പ് – ഹരിത കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍ കിഷന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ലക്കിടി മുതല്‍ വെണ്ണിയോട് പുഴ 24 കിലോമീറ്ററും ചെറുപുഴ എളമ്പലേരി മുതല്‍ വിളമ്പുകണ്ടം വരെ 20 കി. മീറ്ററും മുട്ടില്‍ പുഴ നെടുമ്പാല മുതല്‍ വരദൂര്‍, കൂടോത്തുംമല വരെ 16 കീ. മീറ്ററുമാണ് ശുചീകരിക്കുന്നത്. പുഴ ശുചീകരിക്കേണ്ട 250 മീറ്റര്‍ വീതം ഓരോ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക മീറ്റിങ് കൂടി കണ്ടെത്തണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. ആവശ്യമായ പണി ആയുധങ്ങള്‍ പ്രാദേശികമായി കണ്ടെത്തണം. ശുചീകണത്തിനുശേഷം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരിത കര്‍മസേനയെ എല്‍പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
മെയ് 18 നകം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച് പുഴയോരം സംരക്ഷിക്കാനുള്ള നടപടികളെടുക്കും. ഇതിനായി ഓട, മുള തുടങ്ങിയവ വച്ചുപിടിപ്പിക്കും. തുടര്‍ന്നും അവ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് യോഗം വിലയിരുത്തി.
മെയ് 16 നകം പഞ്ചായത്ത് തല അവലോകന യോഗവും മെയ് 17 ന് ജില്ലാ അവലോകന യോഗവും നടത്തണമെന്നും യോഗം തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജലസേജന വകുപ്പ്, ആരോഗ്യ വകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, പ്രദേശവാസികള്‍ തുടങ്ങി എല്ലാവരുടേയും സഹകരണം പുഴ സംരക്ഷണത്തിന് ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ചെറുകിട കാപ്പികര്‍ഷകരുടെ ഭൂമിയില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ച മാതൃകയില്‍ ജലസംഭരണികള്‍ നിര്‍മിക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോ- ഓര്‍ഡിനേറ്റര്‍മാരോടും പഞ്ചായത്തുകളോടും യോഗം നിര്‍ദ്ദേശിച്ചു.

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജൂണ്‍ എട്ടിന് കിടപ്പുരോഗികള്‍ക്കും മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്കുമായി കോഴിക്കോട് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക സിറ്റിങ്, ജൂണ്‍ 9, 10, 11 തീയ്യതികളില്‍ കല്പറ്റയില്‍ ചക്ക മഹോത്സവം എന്നിവ നടത്തുമെന്ന് യോഗം അറിയിച്ചു.