തൃശ്ശൂര്‍:   ബി എം ആന്റ് ബി സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ചിറക്കാക്കോട്-വെള്ളാനിക്കര റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചിറക്കാക്കോട്-വെള്ളാനിക്കര റോഡ്
2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 485,47,621 രൂപയ്ക്കാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. 4630 മീറ്റർ ദൈർഘ്യമുള്ള ചിപ്പിംഗ് കാർപ്പെറ്റ് നിലവാരത്തിലുണ്ടായിരുന്ന ഈ റോഡ് വീതി കൂട്ടി ശരാശരി 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് അഭിവൃദ്ധിപ്പെടുത്തിയത്.

മലയോര മേഖലയിലെ പാണ്ടിപറമ്പ്- കട്ടിലപൂച്ചം – കുണ്ടുകാട് റോഡ് നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ചീഫ് വിപ്പ് അഡ്വ കെ രാജൻ പറഞ്ഞു. അഞ്ച് കോടി രൂപ ചിലവിൽ താണിക്കുടം പുഴ വൃത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിറക്കാക്കോട് സെൻ്ററിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ,ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി, മാടക്കത്തറ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് ഇന്ദിര മോഹൻ, വൈസ് പ്രസിഡൻ്റ് സണ്ണി ചേന്നിക്കര , ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, ഐ എസ് ഉമാദേവി, ഇ വി വിനീഷ് , മാർട്ടിൻ നാഥൻ എന്നിവർ പങ്കെടുത്തു.