വാട്ടർ ടൂറിസം വിപുലീകരിച്ച് മുസിരിസ് പൈതൃക പദ്ധതി

തൃശ്ശൂർ: പുരാതന തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിന്റെ കായൽ വിനോദസഞ്ചാര സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ‘പുത്തന്‍ തലമുറ ബോട്ടുകളു’മായി എത്തുകയാണ് മുസിരിസ് പൈതൃക പദ്ധതി. വാട്ടർ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ ‘പുത്തന്‍ തലമുറ ബോട്ടുകൾ’ വാങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഈ ബോട്ടുകൾ വാങ്ങാൻ കേരള ഷിപ്പിംഗ് ആന്റ് ‌ ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡുമായി കരാറിൽ ഒപ്പ് വെച്ചുകഴിഞ്ഞു. നാല് കോടി രൂപ വില വരുന്ന ബോട്ടുകൾ വാങ്ങാനാണ് ധാരണയായത്.

മൂന്ന് കോടി രൂപ വിലയുള്ള 25 സീറ്ററിന്റെ മൂന്ന് ഹോപ്‌ ഓണ്‍ ഹോപ്‌ ഓഫ്‌ ബോട്ടുകൾ, 19 ലക്ഷം രൂപ വില വരുന്ന റെസ്ക്യൂ ബോട്ട് എന്നിവയാണ് വാങ്ങുന്നത്. മുസിരിസ് പൈതൃക പദ്ധതി ഡയറക്ടർ കൂടിയായ അഡ്വ വി ആര്‍ സുനിൽ കുമാർ എംഎല്‍എയുടെ സാന്നിധ്യത്തിലാണ്കെ എസ് ഐ എൻ സി മാനേജിംഗ് ഡയറക്ടര്‍ എൻ. പ്രശാന്ത്‌ മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് എന്നിവര്‍ കരാറിൽ ഒപ്പുവെച്ചത്.

വിനോദ സഞ്ചാരികളെ മുസിരിസിന്റെ ചരിത്ര വഴികളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ബോട്ട് സവാരിക്ക് സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ സുവർണ കാലഘട്ടത്തിലൂടെ ഒരു യാത്ര- A cruise through the golden age of spice trade എന്നാണ് പേര് നൽകിയിരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം കോട്ടപ്പുറം, പറവൂർ ബോട്ടുജെട്ടികളിൽനിന്ന് പ്രധാന പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുയാത്രകൾക്കുള്ള ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. കോട്ടപ്പുറം കായലിൽ വാട്ടർ ടാക്സി സർവീസുകളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 11 ബോട്ടുകളാണ് മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലുള്ളത്. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനാൽ പലസമയങ്ങളിലും നിലവിലുള്ള ബോട്ടുകള്‍ തികയാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

കെ എസ് ഐ എൻ സി ടെക്നിക്കല്‍ മാനേജർ അനൂപ്‌ കുമാര്‍, കമ്പനി സെക്രട്ടറി വി കെ രാജു, കമേഷ്യൽ മാനേജർ സിറിൽ എബ്രഹാം, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ഫിനാൻസ് മാനേജർ സോണി റോയ് എന്നിവര്‍ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.