കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 6.5 ലക്ഷം രൂപ വിനിയോഗിച്ച് അംഗപരിമിതര്‍ക്കായി നിര്‍മിച്ച കൃത്രിമ അവയവങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു.
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ മുഖ്യധാരയിലെത്തിക്കുന്നത് സുസ്ഥിര വികസനത്തിന്റെ ഭാഗമാണ്. കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ബാഹുല്യത്തിലും വികസന ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിനും ആരോഗ്യ  വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍  അഭിനന്ദനാര്‍ഹമാണെന്ന് എം പി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ഗോപന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ വസന്തദാസ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ സി ആര്‍ ജയശങ്കര്‍, ഡോ ജെ മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടവൂര്‍ സ്വദേശി ലിജു, കടപ്പാക്കട സ്വദേശി വര്‍ഗീസ് ജോണ്‍, നെടുമ്പന നല്ലില സ്വദേശി അനീഷ് എന്നിവര്‍ കൃത്രിമാവയവങ്ങള്‍ ഏറ്റുവാങ്ങി.