*ഫെബ്രുവരിയിൽ പൈലിങ്ങ് ആരംഭിക്കും*
തൃശ്ശൂർ: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി ഫിഷറീസ് വകുപ്പ് ഭൂമി വിട്ടു നൽകും. അപ്രോച്ച് റോഡ് കടന്ന് വരുന്ന ഫിഷറീസ് വകുപ്പിൻ്റെ 49.5 സെൻ്റ് സ്ഥലമാണ് വിട്ടു കൊടുക്കുവാൻ തീരുമാനമായത്. പകരം മുനക്കൽ ബീച്ചിൽ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തിൽ നിന്ന് തുല്ല്യ അളവിൽ ഫിഷറീസ് വകുപ്പിന് സ്ഥലം വിട്ടുനൽകും. എല്ലാ വകുപ്പുകളിൽ നിന്നും അനുകൂല നടപടികളാണ് ഉണ്ടാകുന്നതെന്നും ഫെബ്രുവരിയിൽ പൈലിങ്ങ് ആരംഭിക്കാൻ കഴിയുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.
പാലം നിർമാണത്തിന്റെ തുടർനടപടികൾക്കായി തിരുവനന്തപുരത്ത് മന്ത്രിമാരായ മേഴ്സിക്കുട്ടി അമ്മ, കടന്നപ്പിള്ളി രാമചന്ദ്രൻ എന്നിവരുമായി എംഎൽഎ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഫിഷറീസ് വകുപ്പിന്റെ സ്ഥലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് വിട്ട് നൽകാനും പകരം അതേ അളവിലുള്ള ഭൂമി ഫിഷറീസ് വകുപ്പിന് തുറമുഖ വകുപ്പ് പകരം നൽകാനും ധാരണയായത്. തുടർന്ന് റവന്യൂ വകുപ്പും ഫിഷറീസ് വകുപ്പും അഴീക്കോട് മുനക്കലിൽ സ്ഥലം സന്ദർശിച്ചു. പി ഡബ്ല്യു ഡി രൂപകല്പന ചെയ്ത പാലത്തിൻ്റെ ഡിസൈനും അനുബന്ധ പ്രവൃത്തികളും പൊതുമരാമത്ത് പാലം വിഭാഗവും കിഫ്ബി ഉദ്യോഗസ്ഥരും നേരത്തെ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കയ്പമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാമതാണ് അഴീക്കോട്- മുനമ്പം പാലം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയിൽ നിന്ന് തൃശൂർ ജില്ലയിലേക്കുള്ള എളുപ്പമാർഗമാകും ഈ പാലം. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാർഗത്തിൽ എത്തിച്ചേരാനും, തെക്കൻ ജില്ലകളിൽനിന്ന് വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, പോർട്ട് എക്സിക്യൂട്ടീവ് ഡവലപ്പ്മെൻ്റ് ഓഫീസർ സലിംകുമാർ, തഹസിൽദാർ കെ രേവ, വില്ലേജ് ഓഫീസർ സക്കീർ തുടങ്ങിയവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.