വരള്‍ച്ചാ ബാധിത ലഘൂകരണത്തിനായി തിരഞ്ഞെടുത്ത മുള്ളന്‍കൊല്ലി, പൂതാടി, പുല്പള്ളി മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള അവലോകന യോഗം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ നടന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
കബനി നദീ തീര സംരക്ഷണം, കോണ്‍ക്രീറ്റ് തടയണ നിര്‍മാണം, ജൈവ വേലി നിര്‍മാണം, കിണര്‍ റീച്ചാര്‍ജ്, പുല്ല് കൃഷി, ഉപരിതല വരള്‍ച്ച, തോട് പുനരുദ്ധാരണം തുടങ്ങിയവ ചര്‍ച്ച ചെയ്തു.2017- 18 വര്‍ഷത്തില്‍ 2.15 കോടി രൂപയും 2018- 19 വര്‍ഷത്തില്‍ 2.85 കോടി രൂപയുടേയും പദ്ധതിയാണ് വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളത്. കബനി തീരത്ത് 10 കി.മീറ്റര്‍ പരിധിയില്‍ ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കാനും കര്‍ഷകരുടെ ഭൂമിയില്‍ മാവ്, പ്ലാവ്, അയനി, നീര്‍മരുത് തുടങ്ങിയവ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു.തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ വനം വകുപ്പുമായി സഹകരിച്ച് ഒരുലക്ഷം വൃക്ഷതൈകള്‍ നടും. അതോടൊപ്പം 500 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും.

കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജൈവവേലി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഉപരിതല വരള്‍ച്ച പ്രതിരോധിക്കാന്‍ ചകിരി നിറയ്ക്കുക തുടങ്ങിയ പുതിയ ആശയങ്ങള്‍ പരീക്ഷിക്കും. പുല്‍കൃഷി, ചെക്ക് ഡാം, കുളം, മണ്ണ് ഡാം എന്നിവ സ്ഥാപിക്കാനും ആറു സ്ഥലങ്ങളില്‍ മഴമാപിനി സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ യോഗം അംഗീകരിച്ചു. പദ്ധതികളുടെ റിപ്പോര്‍ട്ട് മണ്ണ് സംരക്ഷണ വിഭാഗം ഓഫീസര്‍ പി.യു. ദാസ് അവതരിപ്പിച്ചു.