കാസര്‍ഗോഡ്:  സ്ത്രീകള്‍ കൈവെച്ചിട്ടില്ലാത്ത വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കി ചരിത്രം കുറിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍. ജില്ലയില്‍ 1361 സംരംഭങ്ങളിലൂടെ 3327 അംഗങ്ങള്‍ വിവിധ മേഖലകളില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. സംരംഭ വികസനത്തിനായി 68.25 ലക്ഷം രൂപയാണ് ജില്ലാ മിഷന്‍ വിതരണം ചെയ്തത്.
നീലേശ്വരം ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകളില്‍ സ്ററാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി. ഇ. പി) പുരോഗമിക്കുകയാണ്. ഇതിലൂടെ ജില്ലയില്‍ 715 സംരംഭങ്ങള്‍ ആരംഭിച്ചു. ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പ്രോഗ്രാമിന്റെ’ ഭാഗമായി സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കാന്‍ പരപ്പ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. ഒരു കോടിയിലധികം രൂപ ആദായം നേടുന്ന സംരംഭ ഗ്രൂപ്പുകളായി ഗ്രാമകിരണവും, അന്നപൂര്‍ണ്ണയും മാറി കഴിഞ്ഞു.

നിര്‍മ്മാണ രംഗത്ത് പുത്തന്‍ ചുവടുവെപ്പായി വനിതാ കണ്‍സ്ട്രക്ഷന്‍ ടീം. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 26 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അജാനൂര്‍ പഞ്ചായത്തില്‍ 24 അംഗങ്ങളെ ഉള്‍പ്പെടുത്തി ‘കുടുംബമിത്ര’ഹൗസ് കീപ്പിംഗ് യൂണിറ്റ് രൂപീകരിച്ചു. കുടുംബശ്രീക്ക് കീഴില്‍ ജില്ലയിലെ ആദ്യത്തെ കയര്‍ ഡീഫൈബ്രിംഗ് യൂണിറ്റ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആരംഭിച്ചു.
‘പാഷന്‍ സിപ്പ്’, ‘ടേസ്റ്റ് കാഷ്യൂ’ എന്നീ ബ്രാന്‍ഡുകളില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു. മഴപ്പൊലിമയിലൂടെ ‘അരിശ്രീ’ ബ്രാന്‍ഡില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. കാസര്‍കോട് സി.പി.സി.ആര്‍.ഐ യില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ കിയോസ്‌ക്ക് ആരംഭിച്ചു. പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ കിയോസ്‌ക്ക് ആരംഭിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കോവിഡ് കാലത്ത് 106.38 കോടി രൂപയുടെ സഹായ ഹസ്തം

കോവിഡ് കാലത്ത് ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ പദ്ധതി മുഖേന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ 106.38 കോടി രൂപ നല്‍കി. 9271 അയല്‍ക്കൂട്ടങ്ങളിലെ 115381 അംഗങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 54 കമ്മ്യൂണിറ്റി കിച്ചണുകള്‍ കോവിഡ് കാലത്ത് പ്രവര്‍ത്തനം നടത്തി. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി 16 ടെലിവിഷനും, 16 ഡിടിഎച്ച് കണക്ഷനും നല്‍കി. ലോക്ഡൗണ്‍കാലത്ത് അവശ്യ സാധനങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് വേണ്ടി ഹോംഷോപ്പ് സംവിധാനമൊരുക്കി.

വിലക്കുറവില്‍ മാസ്‌ക് വിതരണം ചെയ്യാനും കുടുംബശ്രീ മുന്നില്‍ നിന്നു. ‘കെ ശ്രീ’ ബ്രാന്‍ഡില്‍ 50,000 മാസ്‌കുകളാണ് ജില്ലയില്‍ നിന്ന് വിപണിയില്‍ എത്തിച്ചത്. കോവിഡ് കാലത്ത് പ്രായമായവര്‍ക്ക് സൗജന്യ കൗണ്‍സലിംഗും പിന്തുണയും നല്‍കുന്നതിന് വേണ്ടി 41 റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തില്‍ 3120 വയോജനങ്ങളെയും രണ്ടാം ഘട്ടത്തില്‍ സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 34,767 വയോജനങ്ങളെയും ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം ക്ഷേമം ഉറപ്പാക്കാനും സാധിച്ചു. അഗതി കുടുംബങ്ങളില്‍ സര്‍വ്വേ നടത്തി 2915 വയോജന ആശ്രയ ഗുണഭോക്താക്കള്‍ക്ക് മാനസിക പിന്തുണ ഉറപ്പ് വരുത്തി.

കോവിഡ് കാലത്ത് നവ മാധ്യമങ്ങളിലൂടെ മത്സരങ്ങള്‍ സംഘടിപ്പിച്ചും കുടുംബശ്രീ അംഗങ്ങളുടെ പരിപാടികള്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ തിയേറ്റര്‍ സംഘടിപ്പിച്ചും ജനങ്ങളിലേക്കെത്തി. ‘വിത്തും കൈകോട്ടും’ കാര്‍ഷിക ചലഞ്ചിലൂടെ 1500 വീടുകളില്‍ അടുക്കള തോട്ടം ഒരുങ്ങി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ‘ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക്’ ക്യാമ്പയിനിലൂടെ 2159 പുതിയ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി) ആരംഭിച്ചു. ജില്ലയിലെ 731 ഏക്കര്‍ തരിശു ഭൂമി കൃഷി യോഗ്യമാക്കി. ജില്ലയിലെ ആറ് ബ്ലോക്കുകള്‍ക്കും കീഴില്‍ ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ മിഷന്‍. ഇതിന്റെ ആദ്യ പടിയായി കാസര്‍കോട് പദ്ധതി ആരംഭിച്ചു. മാട്രിമോണിയല്‍ രംഗത്തും കുടുംബശ്രീ കടന്നു കഴിഞ്ഞു.

മാതൃകയായി ഗ്രാമ കിരണം പദ്ധതി

സംസ്ഥാനത്തിന് മാതൃകയായി ‘ഗ്രാമകിരണം’ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, തെരുവു വിളക്ക് പരിപാലന യൂണിറ്റ് ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരുവു വിളക്ക് പരിപാലനം ടെന്‍ഡറില്ലാതെ ഏല്‍പ്പിക്കാനുള്ള അംഗീകാരം ഗ്രാമകിരണത്തിന് ലഭിച്ചതും വലിയ നേട്ടമാണ്.

സൗജന്യപരിശീലനം നല്‍കി തൊഴില്‍

യുവതീയുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ.യിലൂടെ 3260 ഉദ്യോഗാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി 2830 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘യുവ കേരളം’ പദ്ധതിയില്‍ ജില്ലയിലെ 192 വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നു. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 50000 പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന അതിജീവനം ക്യാമ്പയിനിലൂടെ ജില്ലയിലെ 2500 ലധികം യുവതീയുവാക്കള്‍ ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞു.

സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റം

കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ബാലസഭകളില്‍ ജില്ലയിലെ 17513 കുട്ടികള്‍ അംഗങ്ങളാണ്. കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ‘ബാലസഭ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക്ക്’ 2018 ല്‍ ചെറുവത്തൂരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പട്ടിക വര്‍ഗ മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തടയുന്നതിനുമായി മൂന്ന് ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ ആരംഭിച്ചു. നിലവില്‍ 74 കുട്ടികളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന സാമൂഹ്യ വിദ്യാഭ്യാസ പഠന പ്രക്രിയ ‘കുടുംബശ്രീ സ്‌കൂള്‍’ ജില്ലയില്‍ വലിയ വിജയമായിരുന്നു. 1,57,260 അംഗങ്ങളാണ് കുടുംബശ്രീ സ്‌കൂളിന്റെ ഭാഗമായത്.

‘അരങ്ങില്‍ മൂന്നുതവണയും ജേതാക്കള്‍

‘അരങ്ങ്’ കുടുംബശ്രീ കലാ മേളയില്‍ തുടര്‍ച്ചായായി മൂന്നാം വര്‍ഷവും സംസ്ഥാന തലത്തില്‍ ജില്ല ജേതാക്കളായി. അശരണരും നിരാലംബരുമായ വൃദ്ധ ജനങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘പാഥേയം’പദ്ധതി കുടംബശ്രീ വഴി പുരോഗമിക്കുകയാണ്. 18 ഗ്രാമ പഞ്ചായത്തുകളിലെ നിരാലംബരായ 161 ഗുണഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

ജില്ലയില്‍ 170,448 അംഗങ്ങള്‍

ജില്ലയില്‍ 11057 അയല്‍ക്കൂട്ടങ്ങളിലായി 170,448 അംഗങ്ങളാണുള്ളത്. പട്ടികവര്‍ഗ മേഖലയില്‍ 832 അയല്‍ക്കൂട്ടങ്ങളില്‍ 13770 അംഗങ്ങളുണ്ട്. വയോജനങ്ങള്‍ക്കായുള്ള 337 അയല്‍ക്കൂട്ടങ്ങളില്‍ 4381 അംഗങ്ങളും പട്ടികജാതി മേഖലയില്‍ രൂപീകരിച്ച 421 അയല്‍ക്കൂട്ടങ്ങളിലൂടെ 6811 പേരും ഇന്ന് കുടുംബശ്രീ മിഷന്റെ ഭാഗമാണ്. തീരദേശ മേഖലയില്‍ 2105 അയല്‍ക്കൂട്ടങ്ങളിലായി 28859 അംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം രൂപീകരിച്ച 60 അയല്‍ക്കൂട്ടങ്ങളില്‍ 310 അംഗങ്ങളാണുള്ളത്. ഭിന്നലിംഗക്കാരുടെ നേതൃത്വത്തില്‍ ഒരു അയല്‍ക്കൂട്ടം കാഞ്ഞങ്ങാട് നഗരസഭയില്‍ രൂപീകരിച്ചതും ഇവിടെ 10 പേര്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതും ജില്ലയിലെ 13 പഞ്ചായത്തുകളിലെ ഗോത്ര വര്‍ഗമായ കൊറഗര്‍ക്കിടയില്‍ പ്രത്യേകമായി 25 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് 280 പേരെ അംഗങ്ങളാക്കിയതും പ്രധാന നേട്ടങ്ങളാണ്.