ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 33 മത് കേരള ശാസ്ത്ര കോൺഗ്രസ് പുരോഗമിക്കുന്നു. തിരുവനന്തപുരം ശാസ്ത്രി ഭവനിൽ നടക്കുന്ന പരിപാടിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 ൽ പരം വിഷയങ്ങളിലായി 62 ഗവേഷണ പ്രബന്ധങ്ങളും 43 പോസ്റ്ററുകളും അവതരിപ്പിച്ചു. തിങ്കളാഴ്ച നടന്ന ഡോ. പി. കെ അയ്യങ്കാർ അനുസ്മരണ പ്രഭാഷണത്തിൽ  വി.എസ്.എസ്.സി ഡയറക്ടർ ഡോ. സോമനാഥ് ‘സാങ്കേതികവിദ്യകളിലെ ഞങ്ങളുടെ അനുഭവം’ എന്ന വിഷയത്തിൽ സംസാരിച്ചു. ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലും സാധ്യമാകുന്ന മനുഷ്യ വാസത്തെക്കുറിച്ചും പുനരുപയോഗിക്കാവുന്ന റോക്കറ്റുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ചൊവ്വാഴ്ച നടന്ന ഡോ.ജി.എൻ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രബാസ് നാരായണ ‘രാമൻ പ്രഭാവം ഉപയോഗിച്ചുള്ള രോഗ നിർണ്ണയ ചികിത്സാ രീതികളെക്കുറിച്ച് ‘ വിശദീകരിച്ചു. ബുധനാഴ്ച ഡോ. പി.കെ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണത്തിൽ  കോസ്റ്റ്‌ഫോഡ് ചെയർമാൻ പ്രൊഫ. കെ. പി. കണ്ണൻ  ‘കേരള മോഡൽ വികസന പദ്ധതികളെ’ പ്രതിപാദിച്ചു.  നാളെ (ജനുവരി 29) ദേശീയ ബാലശാസ്ത്രകോൺഗ്രസിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 ബാലശാസ്ത്രജ്ഞർ  പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജനുവരി 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് മെഡൽ, യുവ ശാസ്ത്ര പുരസ്‌കാരം, ശാസ്ത്ര സാഹിത്യ അവർഡ് എന്നിവ വിതരണം ചെയ്യും.