പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തല്‍: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ 
ഫലം കണ്ടുതുടങ്ങിയെന്ന് മന്ത്രി 
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് രക്ഷിതാക്കള്‍ കൂടുതലായി മുന്നോട്ടുവരുന്ന കാഴ്ചയാണ് എല്ലായിടത്തും. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി അന്താരാഷ്ട്രതലത്തിലെത്തിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ സൂചനകളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ മെച്ചപ്പെട്ട റിസള്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്. രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
     സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴാം ക്ലാസുവരെ പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം ലോവര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരുന്നു സൗജന്യ കൈത്തറി യുണിഫോം വിതരണം ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഒന്നുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് യുണിഫോം സൗജന്യമായി നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് യുണിഫോം നല്‍കാന്‍ കഴിയുമോയെന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു
കാസര്‍കോട് ഗവ: യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയിലും സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് യുണിഫോം തുണികള്‍ ഏറ്റുവാങ്ങി. കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ്  അധ്യക്ഷത വഹിച്ചു. എഡിഎം:എന്‍.ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.നന്ദികേശന്‍, തൃക്കരിപ്പൂര്‍ കൈത്തറി സഹകരണസംഘം സെക്രട്ടറി കെ. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.പി അബ്ദുള്‍ റഷീദ് സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം  ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കെ.ഇ സുരേഷ്ബാബു  നന്ദിയും പറഞ്ഞു.
ജില്ലയിലെ 254 എല്‍പി സ്‌കൂളുകളിലേയും 130 യുപി സ്‌കൂളുകളിലേയും കുട്ടികള്‍ക്കാണ് സൗജന്യമായി യുണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 3700 സ്‌കൂളുകളിലെ നാലര ലക്ഷം കുട്ടികള്‍ക്കാണ് ഈ വര്‍ഷം കൈത്തറി യുണിഫോം നല്‍കുന്നത്. ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കായി 68,000 മീറ്റര്‍ കൈത്തറി തുണികള്‍ വിവിധ കൈത്തറി സംഘങ്ങള്‍ വഴി തയ്യാറാക്കി. 48,000 മീറ്ററായിരുന്നു ലക്ഷ്യമെങ്കിലും 60,000 മീറ്റര്‍ കൈത്തറി തുണി  ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞുവെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  എം.പി അബ്ദുള്‍ റഷീദ് പറഞ്ഞു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.