സമ്പൂര്‍ണ പാര്‍പ്പിട മിഷനായ ലൈഫില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിൻ്റെ പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ഇന്ന് (ജനുവരി 28) ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കും.

കോട്ടയം ജില്ലയില്‍ 8691 വീടുകളാണ് ലൈഫ് മിഷനില്‍ ഇതുവരെ നിര്‍മിച്ചത്. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത് നിർവഹിക്കും. ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിക്കും.

ഗുണഭോക്താക്കളുടെ അപേക്ഷകളും പരാതികളും സ്വീകരിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എം.എല്‍.എമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

മറവന്തുരുത്തിലും തലയോലപ്പറമ്പിലും സി.കെ ആശ, കോട്ടയം മുനിസിപ്പാലിറ്റിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ എൻ .ജയരാജ് , കടനാട്, രാമപുരം, ഭരണങ്ങാനം എന്നിവിടങ്ങളിൽ മാണി സി. കാപ്പൻ, ഏറ്റുമാനൂരിൽ അഡ്വ. കെ. സുരേഷ് കുറുപ്പ്, ഈരാറ്റുപേട്ടയിൽ പി.സി ജോർജ് എന്നിവര്‍ പങ്കെടുക്കും.

മാഞ്ഞൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ഉദ്ഘാടനം നിര്‍വഹിക്കും.