തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലയിൽ പതിമൂന്നാമത് ബിരുദദാനച്ചടങ്ങ് നടന്നു. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഓൺലൈനിലൂടെ ബിരുദദാന ചടങ്ങ് നിർവഹിച്ചു. രാജ്യം കണ്ടതിൽ ഏറ്റവും വലിയ വാക്സിനേഷൻ നടക്കുന്ന സമയത്താണ് ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.300 മില്യൺ ജനങ്ങൾക്ക് ഈ വർഷം ജൂലായ്‌ മാസത്തിനകം കുത്തിവെയ്പ്പ് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർമാരും ശാസ്ത്രജ്ഞരും കൂടി റെക്കോർഡ് സമയത്തിനകം കണ്ടു പിടിച്ച രണ്ട് കോവിഡ് വാക്സിനുകളും ശാസ്ത്രത്തിന്റെ മഹത്തായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ മുഖ്യാതിഥിയായി. ശാസ്ത്ര ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ ആരോഗ്യ സർവ്വകലാശാല നിലവിൽ വന്നതിന് ശേഷം ചുരുങ്ങിയ കാലംകൊണ്ട് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. അതിന് തെളിവാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും ബിരുദ ദാനച്ചടങ്ങിലൂടെ 8000 ത്തിൽ പരം വിദ്യാർത്ഥികളുടെ ബിരുദ ദാനം നടത്താനായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർവ്വകലാശാലക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളേജുകളിൽ നിന്നും മെഡിസിനിൽ 3986, ഡെന്റൽ സയൻസസ്സിൽ 1485, ആയുർവേദത്തിൽ 570, ഹോമിയോപ്പതിയിൽ 221, സിദ്ധയിൽ 24, നഴ്സിങ്ങിൽ 884, ഫാർമസിയിൽ 670, അലൈഡ് ഹെൽത്ത്‌ സയൻസസ്സിൽ 646 എന്നിങ്ങനെ ആകെ 8486 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകിയത്. ഇവരിൽ 2150 പേർ ബിരിദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി നേടിയവരാണ്.

സെക്കന്റ്‌ എം ബി ബി എസ് പരീക്ഷയിൽ മൈക്രോബയോളജി വിഷയത്തിന് ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥിക്ക് നൽകിവരുന്ന ഡോ സി കെ ജയറാം പണിക്കർ എന്റോവ്മെന്റ് അവാർഡിന് ഈ വർഷം അർഹരായ പാലക്കാട്‌ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റോസ് ക്രിസ്റ്റി ജോസ്സിയെ വൈസ് ചാൻസലാർ പ്രൊഫ ഡോ മോഹനൻ കുന്നുമ്മൽ പുരസ്‌കാരം നൽകി ആദരിച്ചു.

സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ സി പി വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ എ കെ മനോജ്‌, പരീക്ഷ കൺട്രോളർ പ്രൊഫ. ഡോ എസ് അനിൽ കുമാർ, സർവകലാശാല ഡീനുമാർ, വിവിധ ഫാക്കൽറ്റി ഡീനുമാർ തുടങ്ങിയവർ പങ്കെടുത്തു.