രണ്ടര ലക്ഷം വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനം
മുഖ്യമന്ത്രി നിര്വഹിച്ചുമലപ്പുറം: സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വിജയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടച്ചുറപ്പില്ലാത്ത വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവര്‍ക്ക് നല്ല വീടുകളില്‍ കിടന്നുറങ്ങാനുള്ള സാഹചര്യം ഒരുക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതോടെ 68,0000 കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയത്. ആര്‍ദ്രം മിഷന്റെ ഗുണഫലം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കുകയാണ്. പൊതുജനാരോഗ്യ മേഖലയുടെ കരുത്തിലാണ് കോവിഡ് മഹാമാരിയെ പതര്‍ച്ചയില്ലാതെ കേരളം നേരിട്ടത്. പ്രതിരോധത്തിന് ആര്‍ദ്രം വലിയ പങ്കുവഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതോടെ ഒട്ടുമിക്കയിടങ്ങളിലും സൂപ്പര്‍സ്പെഷ്യാലിറ്റി സൗകര്യങ്ങളാണ് ലഭ്യമാകുന്നത്. ഹരിതകേരള മിഷനിലൂടെ ശുചിത്വത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കിയത് ഗുണകരമായി. സംസ്ഥാന സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിമിതികള്‍ നാടിന്റെ വികസനത്തിന് തടസ്സമാകില്ല. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോകും. ജനങ്ങള്‍ക്ക് ഗുണപ്രദമായ ഒരു പദ്ധതി പോലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് കാര്യത്തില്‍ ജാഗ്രത തുടരുന്നതിന് വാര്‍ഡ് തല സമിതികളെ സജീവമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 18,909 വീടുകളാണ് നിര്‍മിച്ചത്. ഇതോടെ ജില്ലയിലെ 27,023 ഗുണഭോക്താക്കളില്‍ 70 ശതമാനം കുടുംബങ്ങള്‍ക്കുമായുള്ള ഭവന നിര്‍മാണം പൂര്‍ത്തിയായി. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലും 12 നഗരസഭകളിലും രണ്ടര ലക്ഷം വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തിലുള്ള അദാലത്തില്‍ ലഭിച്ച അപേക്ഷകള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും.