ആദിവാസി കോളനികളുടെ മുഖം മാറി
വയനാട്: ലൈഫ് ഭവന പദ്ധതി പ്രകാരം ജില്ലയിൽ 12023 വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജില്ലയിലെ ആദിവാസി കോളനികളിൽ ഉൾപ്പെടെ വലിയ മാറ്റം സൃഷ്ടിക്കാൻ ലൈഫ് ഭവന പദ്ധതിയ്ക്ക് സാധിച്ചിട്ടുണ്ട്. പദ്ധതിയിൽ ഉള്‍പ്പെടുത്തി വിവിധ കോളനികളിലായി 6445 വീടുകളാണ് ഇതിനകം പൂര്‍ത്തിയായത്. തദ്ദേശീയ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏറെക്കാലമായി വീടുകളില്ലാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത വീടുകള്‍ പേരിനുള്ളവര്‍ക്കുമെല്ലാം ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ച് പുതിയ വീടുകള്‍ ഒരുക്കുകയായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങി നല്‍കിയും പദ്ധതി വ്യാപിപ്പിച്ചു.പൊതു വിഭാഗത്തില്‍ 4953 വീടുകളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 6455 വീടുകളും പട്ടികജാതി വിഭാഗത്തില്‍ 615 വീടുകളുമാണ് പൂര്‍ത്തിയായത്. മൂന്ന് ഘട്ടങ്ങളിലായി 13274 വീടുകളാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്.
പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച 8443 വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തില്‍ 3427 വീടുകളും ലൈഫ് മിഷനിലൂടെ യാഥാര്‍ത്ഥ്യമായി. മൂന്നാം ഘട്ടത്തില്‍ 153 വീടുകളും പൂര്‍ത്തിയായി. ശേഷിക്കുന്ന 267 അപേക്ഷകര്‍ക്കും വീടെന്ന തണല്‍ ഒരുങ്ങുകയാണ്. ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യം ഇവിടെ നിറവേറുകയാണ്. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായാണ് പൂതാടിയില്‍ ഭവന സമുച്ചയം ഉയരുന്നത്. ഗ്രാമ പഞ്ചായത്തിലെ 43.19 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാര്‍പ്പിട യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 6.62 കോടി രൂപയാണ് പ്രവൃത്തിയുടെ അടങ്കല്‍ തുക. ഭവന നിര്‍മാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവൃത്തികള്‍ക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. അങ്കണവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, കോമണ്‍ റൂം, സിറ്റ് റൂം, മാലിന്യ സംസ്‌കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഭവനസമുച്ചയത്തില്‍ തയ്യാറാകും. 511.19 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ ഫ്ളാറ്റും രണ്ട് ബെഡ്റൂമുകള്‍, ഹാള്‍, അടുക്കള, ടോയ്ലറ്റ്, ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുന്നതാണ്. എല്ലാവിധ സൗകര്യത്തോടും കൂടിയ പുതിയ വീടുകള്‍ ഉയരുന്നത്. നിത്യ ജീവിതത്തിന് കൂലിപ്പണിയിലൂടെയും മറ്റും വരുമാനം കണ്ടെത്തുന്ന സാധാരണക്കാരായവരുടെ ജീവിത അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമാണിത്.
ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഗുണഭോക്തൃ സംഗമവും അദാലത്തും നടത്തി. അദാലത്തിൽ ലഭിച്ച പരാതികള്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലേക്ക് കൈമാറും.