പത്തനംതിട്ട: സംസ്ഥാനതലത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 2.5 ലക്ഷം വീടുകള്‍ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം, തദ്ദേശ സ്ഥാപനതല കുടുംബ സംഗമം, അദാലത്ത് തുടങ്ങിയവയുടെ പത്തനംതിട്ട നഗരസഭാതല ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലാണ് പ്രഖ്യാപനവും സംഗമവും നടന്നത്. സംസ്ഥാനത്ത് പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നതിനായി മൈക്രോ പ്ലാന്‍ രൂപീകരിച്ച് ഓരോ വീട്ടിലും ഓരോരുത്തര്‍ക്ക് ജോലി നല്‍കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അര്‍ഹരായ എല്ലാ ഭൂരഹിത ഭവനരഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗമാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീട് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ലൈഫ് മിഷന്‍ എന്ന സമ്പൂര്‍ണ പാര്‍പ്പിടം സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നതെന്ന് എംഎല്‍എ പറഞ്ഞു.

ലൈഫ് ഭവന പദ്ധതിക്കായി നല്‍കിയിരുന്ന തുക നാല് ലക്ഷം രൂപയില്‍ നിന്നും ഭാവിയില്‍ വര്‍ധിപ്പിക്കും. ലൈഫ്-പിഎംഎവൈ പദ്ധതിയിലൂടെ സംസ്ഥാന തലത്തില്‍ 2.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതില്‍ 350 ല്‍ പരം ഭവനങ്ങള്‍ പത്തനംതിട്ട നഗരസഭയില്‍ പൂര്‍ത്തീകരിച്ചവയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച നാലു മിഷനുകളില്‍ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ലൈഫ് മിഷന്‍. ലൈഫിന്റെ ആദ്യഘട്ടത്തില്‍ 48 വീടുകളാണ് പത്തനംതിട്ട നഗരസഭയില്‍ പൂര്‍ത്തികരിച്ചത്. ഇവയില്‍ പകുതിയില്‍ കൂടുതല്‍ വീടുകളും പണി പൂര്‍ത്തീകരിക്കാത്ത വീടുകളായി മാറിയത് ജീവിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടായിരുന്നു. ലൈഫിന്റെ രണ്ടാം ഘട്ടത്തിലൂടെയും മൂന്നാം ഘട്ടത്തിലൂടെയും വീടുകള്‍ സാധ്യമായപ്പോള്‍ സര്‍ക്കാര്‍ ഫ്‌ളാറ്റ് നിര്‍മാണത്തിനായി ഒരുങ്ങി. സംസ്ഥാനത്ത് നടത്തുന്ന രണ്ടാമത് കുടുംബ സംഗമവും അദാലത്തുമാണിത്. ഗുണഭോക്താക്കളുടെ വിവിധ വകുപ്പുകളിലൂടെ ലഭ്യമാകേണ്ട ആവശ്യങ്ങള്‍ പരാതികളായി അദാലത്തില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അവ സമയബന്ധിതമായി പരിഹരിക്കുകയും ചെയ്യും. പട്ടികജാതി വിഭാഗങ്ങള്‍ക്കായി വീടുകളുടെ മെയിന്റനന്‍സിസ് 1.5 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായി എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആമിനാ ഹൈദരാലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക വേണു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണിയമ്മ, പ്രതിപക്ഷ നേതാവ് ജാസിന്‍കുട്ടി, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ അനീഷ്, കൗണ്‍സിലര്‍മാരായ ശോഭ കെ.മാത്യു, വി.ആര്‍ ജോണ്‍സണ്‍, വിമല ശിവന്‍, അഡ്വ.എ.സുരേഷ് കുമാര്‍, എല്‍.സുമേഷ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, പ്രൊജക്ട് ഓഫീസര്‍ ഇ.ബി അനിതാ തുടങ്ങിയവര്‍ പങ്കെടുത്തു.