സമൂഹത്തിലെ പട്ടിണി പാവങ്ങൾക്ക് അർഹമായ സഹായമെത്തിക്കാനുള്ള അവസരമായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളെ കണക്കാക്കണമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  എല്ലാ നിയമതടസ്സങ്ങളും മാറ്റി നിർത്തി, ഉദ്യോഗസ്ഥർ അർഹരായവർക്ക് അനുകൂല്യങ്ങൾ വിതരണം ചെയ്യണം.  ജില്ലാ കളക്ടറേറ്റിൽ നടന്ന, സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സ്വാഗതസംഘ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അർഹരായ പരമാവധി ആളുകൾക്ക് പട്ടയവും കൈവശാവകാശ സർട്ടിഫിക്കറ്റും വിതരണം ചെയ്യാൻ റവന്യൂ ഉദേ്യാഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ജില്ലാതല വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉദേ്യാഗസ്ഥതല സബ് കമ്മിറ്റികൾ രൂപീകരിച്ചു.  ഈ മാസം 18 ന് വാർഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.  തുടർന്ന് 24 മുതൽ 30 വരെ കനകക്കുന്നിൽ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന മെഗാ-ഉല്പന്ന പ്രദർശന വിപണനമേളയും മലബാർ വിഭവങ്ങൾ ഉൾപ്പെടെ വ്യത്യസ്ഥ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയുമുണ്ടാകും.  ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ജില്ലാ പോലീസ് മേധാവി പി. അശോക് കുമാർ, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. ജോൺ വി. സാമുവൽ, ഐ.&പി.ആർ.ഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുനിൽ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.