ആലപ്പുഴ: നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക്‌ ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ബൈപ്പാസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. കളർകോട് ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങ് വീക്ഷിക്കാനായി സമസ്ത മേഖലകളിയിലുള്ള ജനവിഭാഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒന്നിച്ചു കൂടുകയും ചടങ്ങിനെ  ആഘോഷമാക്കി മാറ്റുകയും ചെയ്തു.

മുല്ലക്കൽ ചിറപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ആൾക്കൂട്ടമായിരുന്നു ചടങ്ങ് വീക്ഷിക്കാനായി എത്തിയത്. പ്രായഭേദമന്യേ ഓരോ ആലപ്പുഴക്കാരുടെയും നീണ്ട വർഷത്തെ സ്വപ്നസാഫല്യ നിമിഷമായിരുന്നു കടന്നു പോയത്. ആലപ്പുഴ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി മാറുന്ന ബൈപാസ് വീക്ഷിക്കാനായി എത്തിയ കളർകോട്, കൊമ്മാടി നിവാസികളായ വീട്ടമ്മമാർ ഒരേ സ്വരത്തിൽ പറഞ്ഞത് ‘ഞങ്ങൾക്ക് ഇതിലെ യാത്ര ചെയ്യുന്നതിനേക്കാളും ഞങ്ങളുടെ നാടും വികസിച്ചു എന്നതിലുള്ള അഭിമാനമാണ് ബൈപാസ് പൂർത്തികരണം.’ എന്നാണ്.
ഓരോ പ്രായക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു പങ്കുവെയ്ക്കാൻ ഉണ്ടായിരുന്നത്. മുന്നര വയസുകാരി അജ്വ എപ്പോളും കളിക്കാനായി പോകാറുള്ള ആലപ്പുഴ കടപ്പുറം ബൈപാസ് മുകളിൽ നിന്നും കാണാനുള്ള ആകാംഷയുമയാണ് ചടങ്ങ് വീക്ഷിക്കാൻ എത്തിച്ചേർന്നിരുന്നത്.
കുഞ്ഞിലേ എന്റെ നാട്ടിലും ബൈപ്പാസ് വരുന്നു എന്ന് കേട്ട് സന്തോഷിച്ചെങ്കിലും വലിയൊരു കാലയളവ് കാത്തിരിക്കേണ്ടി വന്നു ബൈപാസ് യഥാർഥ്യമാകാൻ, കാടു വെട്ടിത്തെളിച്ചു പൂഴി മണ്ണിട്ടു പണികൾ ആരംഭിച്ചപ്പോൾ അന്നത്തെ കാലത്തു സന്തോഷം തോന്നിയെങ്കിലും അവിടെ വെച്ച് തന്നെ പണികൾ അവസാനിച്ചു. വീണ്ടും കാടു പിടിച്ചു. പിന്നീട് വർഷങ്ങളുടെ പ്രയത്നമാണ് ഇന്ന് ഈ കാണുന്ന ബൈപാസ്. കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴക്കാരൻ അയ്യപ്പൻ. എല്ലാത്തരത്തിലും ബൈപ്പാസ് ആരവത്തിലായി ജില്ല.