ആലപ്പുഴ: ബൈപ്പാസ് യാഥാർഥ്യമായതിനുപിന്നിൽ നിരന്തര പോരാട്ടത്തിന്റെ ചരിത്രമു ണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനച്ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച് പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഭൂമിക്കടിയിലുള്ള ജോലികളാണ് ചെയ്തിരുന്നത്.
പൂർത്തിയാക്കാൻ പതിറ്റാണ്ടുകള്‍ എടുത്ത പദ്ധതി ഇപ്പോൾ പൂർത്തിയാക്കാൻ ഭരിക്കുന്നവരുടെ പ്രതിബദ്ധതയുടെ തെളിവാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന്റെ നേട്ടമാണ് ബൈപാസ് . മാധ്യമങ്ങൾ ഏറെ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളെയും തരണം ചെയ്തു. കൊറോണ വ്യാപിച്ചതോടെ തൊഴിലാളികളെല്ലാം അന്യ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. പണി തുടരുന്നതിന് അവരെയെല്ലാം തിരിച്ചെത്തിച്ചു. റെയിൽവേ മേൽപ്പാലങ്ങൾക്കുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം ഒന്നരവർഷം നഷ്ടപ്പെട്ടു. കാര്യമായ ഇടപെടലുകൾ നടത്തിയാണ് ആര്‍.ഓ.ബികള്‍ യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ സർക്കാരിൻറെ പദ്ധതി രേഖയിൽ ജംഗ്ഷനുകൾ ഉൾപ്പെട്ടിരുന്നില്ല. അപ്രോച്ച് റോഡ് ഇല്ലായിരുന്നു. 25 കോടി രൂപ സംസ്ഥാന സർക്കാർ അധികമായി മുടക്കിയാണ് കൊമ്മാടി – കളർകോട് ജംഗ്ഷനുകളിൽ വികസനം യാഥാർത്ഥ്യമാക്കിയത്. 80 ലൈറ്റുകൾ മാത്രമായിരുന്നു ബൈപ്പാസിന് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. എന്നാൽ 412 ലൈറ്റുകൾ സ്ഥാപിച്ചു. വലിയ പാലങ്ങളുടെ കമ്മീഷനിങ്ങിന് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് പുതിയൊരു നിബന്ധന കൂടി വച്ചു. കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പായി റോഡ്, പാലം, നാഷണൽ റെയിൽവേ ചീഫ് എൻജിനീയർമാർ അടങ്ങുന്ന സംഘം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം. ഇത്തരത്തിലുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നഗരത്തിലെ 50 ശതമാനം തിരക്ക് ബൈപ്പാസ് കുറയ്ക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഴക്കൻ ബൈപ്പാസ് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൻറെ അലൈൻമെൻറ് ആയി. നെഹ്റുട്രോഫി പാലത്തിൻറെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികളായി. നഗര റോഡ് നവീകരണ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ അഞ്ചുവർഷത്തിനകം ആലപ്പുഴയുടെ മുഖച്ഛായ പൂർണമായി മാറ്റിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴയുടെ വികസനത്തിന് വലിയ കുതിച്ചുചാട്ടം ബൈപ്പാസ് നല്‍കുമെന്ന് ചടങ്ങിൽ സംസാരിച്ച ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ആലപ്പുഴ ബീച്ചിന്റെ മനോഹാരിത ഏറെ സഞ്ചാരികളെ ആഘോഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ചരക്ക് നീക്കത്തിനും വ്യവസായ വളര്‍ച്ചയ്ക്കും ബൈപ്പാസ് ഏറെ പ്രയോജനം ചെയ്യുമെന്ന് മോര്‍ത്ത് സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. ദേശീയ പാത വികസനത്തില്‍ വലിയ മാറ്റമാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധര്‍ പറഞ്ഞു. ആര്‍.ഓ.ബികളുടെ നിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിന് കേന്ദ്രതലത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ചരിത്രനിയോഗമായി കാണുന്നെന്നും എ.എം.ആരിഫ് എം.പി പറഞ്ഞു.
പ്രധാന ചടങ്ങിന് ശേഷം പൂര്‍ത്തിയാക്കിയ കളര്‍കോഡ് ജങ്ഷന്‍ വികസന പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. കൊമ്മാടി ജങ്ഷന്‍ ഉദ്ഘാടനം മന്ത്രി ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു. മന്ത്രി പി.തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു ജങ്ഷന്‍ ഉദ്ഘാടനം.