എറണാകുളം : ചെറായി ബീച്ചിൽ നടപ്പാക്കിയ ഗ്രീൻ കാർപ്പെറ്റ് പദ്ധതി വൈപ്പിൻ എംഎൽഎ എസ്. ശർമ്മ ഉത്‌ഘാടനം ചെയ്തു . ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും മികച്ചതും ഗുണമേൻമയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തി സന്ദർശകർക്ക്‌ ഏററവും മികച്ച സന്ദർശനാനുഭവം യാഥാർഥ്യമാക്കാനാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഈ പദ്ധതിയിലൂടെ ‌ ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി ചെറായ്‌ ബീച്ച്‌ ടൂറിസം കേന്ദ്രത്തിൽ ഒരു വിഭിന്നശേഷി സൗഹൃദ ശൗചാലയം , ലൈഫ്‌ ഗാർഡുകൾക്കായുള്ള നിരീക്ഷണകേന്ദ്രം, ബീച്ച്‌ സുരക്ഷാഉപകരണങ്ങൾ, സിസി ടി വി സംവിധാനം, കുടിവെള്ളത്തിനായുള്ള വാട്ടർ ഫിൽററർ സൌകര്യം, ബീച്ച് കുടകളും , ചാരു ബഞ്ചുകളും, സുരക്ഷാ മുന്നറിയിപ്പ്‌ ബോർഡുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട് .

സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ‌ 2020 മെയ്‌ മാസത്തിൽ പുറപ്പെടുവിച്ച പുതുക്കിയ ഭരണാനുമതി ഉത്തരവു പ്രകാരം ഏകദേശം 43 ലക്ഷം രൂപയുടെ എസ്ററിമേററിനാണ്‌ അംഗീകാരം നൽകിയത്‌. തീരദേശ മേഖല നിയന്ത്രണ പരിപാലന അതോറിററിയുടെ അംഗീകാരത്തിന്‌ വിധേയമായി കെട്ടിട നിർമ്മാണാനുമതി പള്ളിപ്പുറം പഞ്ചായത്തിൽ നിന്നും ലഭിച്ച സാഹചര്യത്തിലാണ്‌ പുതുക്കിയ ഭരണാനുമതിയിലുൾപ്പെട്ട വിവിധ പ്രവൃത്തികൾക്ക്‌ ഒരുമിച്ച്‌ തുടക്കമിടുന്നതിന്‌ കേരള ആർട്ടിസാൻസ്‌ & ഡവലപ്മെന്റ്‌കോർപ്പറേഷൻ (കാഡ്കോ) എന്ന നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തിയത് ‌.

ചെറായ്‌ ബീച്ചിലെ ഓപ്പൺ എയർ സ്റ്റേജിൽ നടന്ന ചടങ്ങിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി അജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് സുഹാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷൈനി എം ബി , വാർഡ്‌ മെമ്പർ ശ്രീമോൻ , ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ശാഹുൽ ഹമീദ് , ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ് , എറണാകുളം ഡി ടി പി സി സെക്രട്ടറി എസ്‌ വിജയകുമാർ, മെമ്പർ ജോണി തോട്ടക്കര, ചെറായി ടൂറിസം സെക്രട്ടറി ഷാജു ആന്റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഫോട്ടോ ക്യാപ്ഷൻ : ചെറായി ബീച്ചിൽ നടപ്പാക്കിയ ഗ്രീൻ കാർപ്പെറ്റ് പദ്ധതി വൈപ്പിൻ എംഎൽഎ എസ്. ശർമ്മ ഉത്‌ഘാടനം ചെയ്യുന്നു