തുള്ളിമരുന്ന് വിതരണത്തിന് ജില്ലയില്‍ 1250 കേന്ദ്രങ്ങള്‍

കാസർഗോഡ്:    കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനൊരുങ്ങി. ദേശീയ പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി ജനുവരി 31ന് നടക്കുന്ന പള്‍സ് പോളിയോ പ്രതിരോധ പരിപാടിയില്‍ ജില്ലയിലെ 762 അതിഥി തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സില്‍ താഴെയുള്ള 117069 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുക.

തുള്ളിമരുന്ന് നല്‍കുന്നതിനായി അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് 1250 പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയതായി ഡിഎംഒ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മൊബെല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരീശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജനുവരി 31ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. ഏതെങ്കിലും കാരണവശാല്‍ പള്‍സ്‌പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വളണ്ടിയര്‍മാര്‍ മുഖേന വീടുകളില്‍ പോളിയോ വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
ഓര്‍മ്മിക്കാന്‍

പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചു മാത്രമേ ജില്ലയില്‍ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കൂ. തുള്ളിമരുന്ന് സ്വീകരിക്കുന്ന കുട്ടികളും അവരുമായി എത്തുന്ന രക്ഷിതാക്കളും ചുവടെ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

· ജനുവരി 31 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
· വാക്സിനേറ്റര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്കും ഗ്ലൗസും ധരിക്കണം.
· കുട്ടികള്‍ക്ക് നല്‍കിയ സമയക്രമം പാലിച്ചു മാത്രമേ രക്ഷിതാക്കള്‍ കുട്ടികളുമായി ബൂത്തില്‍ എത്താവൂ.
· ഒരേ സമയം അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ ബൂത്തിനകത്ത് പാടില്ല.
· ബൂത്തില്‍ ഉള്ളവര്‍ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം.
· തുള്ളി മരുന്ന് നല്‍കാനായി കുട്ടിയുടെ കൂടെ ഒരാളെ മാത്രമേ ബൂത്തില്‍ പ്രവേശിപ്പിക്കൂ.
· കഴിഞ്ഞ നാല് ആഴ്ചക്കുള്ളില്‍ കോവിഡ് പോസിറ്റീവ് ആയ കുട്ടികളും രക്ഷാകര്‍ത്താക്കളും പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും ബൂത്തുകളില്‍ വരുന്നത് ഒഴിവാക്കണം.
· കോവിഡ് പോസിറ്റീവ് ആയ ആള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയ ശേഷം തുള്ളി മരുന്ന് നല്‍കുക.
· 60 വയസിനു മുകളില്‍ ഉള്ളവര്‍ കുട്ടികളുടെ കൂടെ വരരുത്.
· നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷം മാത്രം തുള്ളി മരുന്ന് നല്‍കുക.