113.3 കോടിയുടെ ജലസംരക്ഷണ പദ്ധതികള്‍
കാസര്‍കോട് വികസന പാക്കേജില്‍ ആവിഷ്‌ക്കരിച്ച 113.3 കോടി രൂപ വരുന്ന സമഗ്ര ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം ജനുവരി 30ന് വൈകീട്ട് മൂന്നിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ചെക്ക്ഡാമുകള്‍, വിസിബികള്‍, മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴകളുടെ പുനരുജ്ജീവന പദ്ധതികള്‍, നൂതന റബ്ബര്‍ ചെക്ക് ഡാമുകള്‍, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവുമാണ് നടക്കുക. ജില്ലയുടെ കുടിവെള്ള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ആശംസ നേരും.
11.39 കോടി രൂപയുടെ 14 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 20.29 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും നടക്കും. ജലസംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ പുഴകളുടെ പുനരുജ്ജീവനവും കാസര്‍കോട് വികസന പാക്കേജിലൂടെ ലക്ഷ്യമിടുന്നു. ജലശേഖരണത്തിനുള്ള നൂതന മാര്‍ഗമായ റബ്ബര്‍ ചെക്കുഡാമുകള്‍ ജില്ലയില്‍ വ്യാപിപ്പിക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി പുരോഗമിക്കുകയാണ്. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് റബ്ബര്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നത്.