ഉപഭോക്തൃ തർക്ക പരിഹാരത്തിനായി കേരളത്തിൽ
ആദ്യത്തെ മീഡിയേഷൻ സെൻറർ കെട്ടിടം തൃശ്ശൂരിൽ ഒരുങ്ങുന്നു.കോടതികളിൽ
ഉപഭോക്തൃ തർക്ക വ്യവഹാരങ്ങൾ
വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മധ്യസ്തതയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന മീഡിയേഷൻ സംവിധാനങ്ങൾക്ക് ജില്ലയിൽ കെട്ടിടം ഒരുക്കുന്നത്.പുതിയ
കെട്ടിടത്തിന്റെ ശിലാസ്ഥാപനവും
തുടർ നിർമ്മാണപ്രവൃത്തികളുടെ ഉദ്ഘാടനവും കേരള ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമൻ ഓൺലൈനായി നിർവഹിച്ചു.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശിലാ സ്ഥാപനചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ മുഖ്യാതിഥിയായി.
മാറിയ കച്ചവട രീതികൾക്ക് അനുസരിച്ച് വഞ്ചനയുടെ തോത് വർധിച്ചിട്ടുണ്ടെന്നും ഉപഭോക്താവിന്റെ അവകാശങ്ങൾക്കൊപ്പമാണ് സർക്കാർ സംവിധാനങ്ങൾ നിലകൊള്ളുന്നതെന്നും
ഉദ്ഘാടനപ്രസംഗത്തിൽ പി തിലോത്തമൻ അഭിപ്രായപ്പെട്ടു.
നാലായിരത്തോളം ഉപഭോക്തൃ
കേസുകൾ ജില്ലയിൽ തീർപാക്കാനുണ്ടെന്നും ഉപഭോക്തൃ ഫോറത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.
സർക്കാരിൻറെ ഉപഭോക്തൃ ഫോറങ്ങളുടെ ശക്തീകരണ പദ്ധതിയുടെ രണ്ടാംഘട്ടലുൾപ്പെടുത്തി
47 ലക്ഷം രൂപയാണ് കെട്ടിടത്തിനായി വകയിരുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പികെ ഡേവിസ് മാസ്റ്റർ,തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ്, അഡ്വ. കെ ബി രണേന്ദ്ര നാഥൻ,ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.