കൊല്ലം: തൊഴിലാളികളുടെയും ജനങ്ങളുടെയും സഹകരണത്തോടെ കെ എസ് ആര്‍ ടി സി നവീകരണത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പുനലൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടം, വനിത വിശ്രമകേന്ദ്രം, ടൈലുകള്‍ പാകിയ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ദീര്‍ഘദൂര സര്‍വീസുകള്‍ ഒരു പ്രത്യേക സംവിധാനത്തിന്റെ കീഴില്‍ നാല് ലാഭ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, സ്വിഫ്റ്റ് എന്ന പേരിലുള്ള പ്രത്യേക വാഹനം എന്നിവയാണ് നാല് കേന്ദ്രങ്ങള്‍. ഇതിലൂടെ ലാഭത്തില്‍ ഓടുന്ന സര്‍വീസുകള്‍, മിതമായ രീതിയില്‍ പോകുന്ന സര്‍വീസുകള്‍, നഷ്ടത്തിലുള്ളവ എന്നിങ്ങനെ വേഗം തിരിച്ചറിയാന്‍ കഴിയും. ലാഭത്തില്‍ ഓടുന്ന സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി അതില്‍ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് നഷ്ടത്തിലോടുന്നവയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രതിവര്‍ഷം 1200 കോടിയില്‍പരം തുക ബജറ്റില്‍ വകയിരുത്തിയാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ 5000 കോടി രൂപയിലധികം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്.
54 ഷെഡ്യൂളുകളായിരുന്നു പുനലൂര്‍ യൂണിറ്റില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി ആയതിനാല്‍ അതു 34 ആക്കി ചുരുക്കി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പുനലൂരില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ചേര്‍ത്തല ഡിപ്പോയില്‍ നിന്നും 10 ഡ്രൈവര്‍മാരെ കൂടി താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനലൂര്‍ സബ് ഡിപ്പോയ്ക്ക് നല്‍കും. പുനലൂര്‍ – ഗുരുവായൂര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനലൂര്‍ സബ് ഡിപ്പോയില്‍ നിന്നും കണ്ണൂര്‍ കുടിയാ•ലയിലേക്കുള്ള പുതിയ ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനായി. പുനലൂര്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടുകൂടി നടന്നുവരികയാണ്. ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചുള്ള ഗ്യാരേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി കെ രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുനലൂര്‍ സബ് ഡിപ്പോയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് .