കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സൗരോര്‍ജ്ജ പവര്‍പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: വൈദ്യുതി ഉത്പാദനത്തിനൊപ്പം ഉപഭോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വൈദ്യുതി വകുപ്പ് സൗര പദ്ധതിയില്‍ നിര്‍മ്മിച്ച 186 കിലോവാട്ട് പവര്‍ സോളാര്‍ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതും അനിവാര്യമാണ്. ആവശ്യമുള്ളതിന്‍റെ 35 ശതമാനത്തോളം വൈദ്യുതി മാത്രമേ ഇപ്പോള്‍ ഉത്പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി വിവിധ കരാറുകള്‍ വഴിയാണ് ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന് ഏറെ പ്രസക്തിയുണ്ട്. വൈദ്യുതി വകുപ്പിന്‍റെ സഹായത്തോടെ വീടുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി വകുപ്പിന് വില്‍ക്കുന്നതിനുള്ള സാധ്യതകള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഡ്വ.മോന്‍സ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍, സൗര സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എ. നസറുദ്ദീന്‍,കെ.എസ്.ഇ.ബി സൗത്ത് ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ എസ്.രാജ് കുമാര്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അശോക് കുമാര്‍, പഞ്ചായത്തംഗം തോമസ് മാളിയേക്കല്‍, കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജി. വിശ്വനാഥന്‍, കെ.എസ്. ജയചന്ദ്രന്‍ , പ്രദീപ് വലിയപറമ്പില്‍, പി.ജി.സുരേഷ്, ബിജു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.