വയനാട്: കുരുന്നുകളുടെ വൈകല്യ നിര്‍ണ്ണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (പ്രാരംഭ ഇടപെടല്‍ കേന്ദ്രം) കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച (ഫെബ്രു 1) വൈകീട്ട് 5 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരിക്കും. വൈസ് ചെയര്‍പേഴ്സണ്‍ കെ അജിത, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി മുസ്തഫ, കൗണ്‍സിലര്‍ പുഷ്പ, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡിഎംഒ ഡോ. ആര്‍ രേണുക, ഡിപിഎം ഡോ. ബി അഭിലാഷ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ അഷ്റഫ് കാവില്‍, എം.പി മുജീബ് റഹ്മാന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

നോയ്ഡ മോഡല്‍ ഡി.ഇ.ഐ.സിയുടെ പശ്ചാത്തല സൗകര്യങ്ങളോടുകൂടി മൂന്നുകോടി രൂപ ചെലവിലാണ് ഇവിടെ കെട്ടിടം ഒരുങ്ങുന്നത്. സാമൂഹികനീതി വകുപ്പാണ് തുക വകയിരുത്തിയത്. കുഞ്ഞുങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന. 1283 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വിപുലമായ പാര്‍ക്കിങ് ഏരിയ, റിസപ്ഷന്‍ കം അഡ്മിനിസ്‌ട്രേഷന്‍ റൂം, പീഡിയാട്രിക് ഒ.പി, മെഡിക്കല്‍ ഓഫിസറുടെ മുറി, ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഫിസിയോതെറാപ്പി റൂം, ഒപ്‌റ്റോമെട്രിക് റൂം, സെമിനാര്‍ ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഓഡിയോളജി റൂം, വിശാലമായ കളിസ്ഥലം, ലൈബ്രറി, എക്‌സ്‌റേ മുറി തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ട്.

കുട്ടികളിലെ ജനനവൈകല്യങ്ങള്‍, ബാല്യകാല അസുഖങ്ങള്‍, വളര്‍ച്ചയിലെ കാലതാമസം, വൈകല്യങ്ങള്‍, ന്യൂനതകള്‍ തുടങ്ങിയവ ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞ് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ലഘൂകരിക്കുകയും കാര്യശേഷി വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് ജില്ലയില്‍ ഡി.ഇ.ഐ.സി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 4800 ഓളം കുട്ടികള്‍ പുതുതായി ഡി.ഇ.ഐ.സിയില്‍ രജിസ്റ്റര്‍ ചെയ്യുകയും സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു. പ്രതിമാസം ശരാശരി നൂറോളം കുട്ടികളാണ് പുതുതായി ഡി.ഇ.ഐ.സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 350 ഓളം കുഞ്ഞുങ്ങള്‍ തുടര്‍ചികിത്സയ്ക്കും തെറാപ്പികള്‍ക്കുമായി ഡി.ഇ.ഐ.സിയെ ആശ്രയിക്കുന്നു.

18 വയസ്സില്‍ താഴെയുള്ള ഹൃദയസംബന്ധമായ അസുഖമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഹൃദയശസ്ത്രക്രിയയും ചികിത്സയും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഹൃദ്യം’ പദ്ധതി ഡി.ഇ.ഐ.സിയിലൂടെയാണ് നടപ്പാക്കുന്നത്. നിലവില്‍ 325 കേസുകള്‍ ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 80 ഓളം പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ക്ലബ് ഫൂട്ട്, ലേണിങ് ഡിസോര്‍ഡര്‍, ഓട്ടിസം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, കേള്‍വി-കാഴ്ച പരിമിതി, കോങ്കണ്ണ്, സംസാരവൈകല്യങ്ങള്‍ തുടങ്ങി 30 ഓളം രോഗാവസ്ഥകളുള്ള കുട്ടികള്‍ക്ക് സൈക്കോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ നല്‍കി വരുന്നു. ഒപ്‌റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഡെന്റല്‍ സര്‍ജന്‍, ഹൈജീനിസ്റ്റ് എന്നിവരുടെ സേവനങ്ങളും ഡി.ഇ.ഐ.സി ഉറപ്പുവരുത്തുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി എല്ലാ ദിവസവും മെഡിക്കല്‍ ഓഫിസറുടെ സേവനമുണ്ടാവും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ശിശുരോഗ വിദഗ്ധന്റെ സേവനവും കേന്ദ്രത്തില്‍ ലഭ്യമാവും.