അഗ്നിരക്ഷയ്ക്ക് പുതിയ സംവിധാനം

തൃശ്ശൂർ:നഗര സുരക്ഷയുടെ ഭാഗമായി കുന്നംകുളത്ത് ജനകീയ ക്യാംപെയ്ൻ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നഗരസഭയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം യേശുദാസ് റോഡിലെ ആക്രി സാധനങ്ങൾ കൂട്ടിയിട്ട സ്ഥലങ്ങളിൽ തീപിടിച്ചതിനെ തുടർന്ന് സമീപത്തെ കടകൾക്കു നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് മന്ത്രി അടിയന്തിര യോഗം വിളിച്ചത്.

നഗരത്തിൽ വലിയ അഗ്നിബാധകൾ ഉണ്ടാകുന്നതൊഴിവാക്കാൻ ഫയർ ഹൈഡ്രൻറ് സംവിധാനം പുതുതായി സജ്ജീകരിക്കുന്നതുൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കും. വാട്ടർ അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് ഇത്തരം സംവിധാനങ്ങൾ നടപ്പാക്കുക. നിലവിൽ 19 ഓളം ഫയർ ഹൈഡ്രൻ്റുകൾ നഗരത്തിലുണ്ട്. ഇവയുടെ പ്രവർത്തനവും കാര്യക്ഷമമാക്കും.

കച്ചവട സ്ഥാപനങ്ങളിൽ അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും. പഴയ കെട്ടിടങ്ങളിൽ പുതിയ വയറിങ്ങ് സംവിധാനം ഉറപ്പാക്കും. ഗവ. , സ്വകാര്യ എൻജിനീയറിങ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണിത് നടപ്പാക്കേണ്ടതെന്നും അഗ്നിരക്ഷാ സംവിധാനം കുന്നംകുളത്ത് വിപുലപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

നഗര സുരക്ഷയുടെ ഭാഗമായി പ്രധാനമായും നഗര മാലിന്യ സംസ്കരണമാണ് ലക്ഷ്യമിടുന്നത്. ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ
കുടുംബശ്രീ, ഹരിത കർമ സേന,
വിദ്യാർത്ഥികൾ, കച്ചവട പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി നഗരത്തിലെ ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കും. വ്യാപാര സ്ഥാപനങ്ങൾക്കു ചുറ്റുമുള്ള മാലിന്യങ്ങൾ അവർ തന്നെ ശേഖരിച്ച് നഗരസഭയ്ക്ക് നൽകണം. ഇതിന് തൂക്കത്തിനനുസരിച്ച് പ്രതിഫലം നൽകാനാണ് പദ്ധതി. നഗരത്തിൽ സി സി ടി വി ക്യാമറകൾ പ്രവർത്തിപ്പിച്ച് കൂടുതൽ ജാഗ്രതാ സംവിധാനങ്ങൾ ആരംഭിക്കാനും നടപടിയുണ്ടാാകും.

വ്യാപാരി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് തീപിടുത്തമുണ്ടായ പ്രദേശങ്ങളിലെ മാലിന്യം ഉടൻ നീക്കും. പ്ലാസ്റ്റിക് പുനരുപയോഗത്തിനായി ക്രമീകരിക്കും. മാലിന്യങ്ങൾ തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാമെന്നും മന്ത്രി വ്യക്തമാക്കി.

നഗരത്തിലെ മാലിന്യ സംസ്കരണത്തിന് അശാസ്ത്രീയ നടപടികൾ എടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ആക്രി സാധനങ്ങൾ കൂട്ടിയിടുന്ന സ്ഥലങ്ങളിൽ പരിശോധന നടത്താൻ ആരോഗ്യ വിഭാഗം ജീവനക്കാരോട് മന്ത്രി നിർദ്ദേശിച്ചു.

നഗരത്തിൽ കാാലപ്പഴക്കം ചെന്ന 17 കെട്ടിടങ്ങൾ പൊളിക്കാനുണ്ട്. 2018ൽ നോട്ടീസ് നൽകിയ ഈ സ്ഥാപനങ്ങൾ പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും മന്ത്രി നഗരസഭയ്ക്ക് നിർദേശം നൽകി.

മാലിന്യ സംസ്കരണം വേണ്ട രീതിയിൽ നടത്താത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യ വിഭാഗം മന്ത്രിയെ അറിയിച്ചു. കോവിഡ് സാഹചര്യത്തിലാണ് നഗരത്തിൽ മാലിന്യ പ്രശ്നം ഇത്രയും രൂക്ഷമായതെന്നും വിലയിരുത്തലുണ്ടായി.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, തഹസിൽദാർ പി എസ് ജീവ, എ സി പി ടി എസ് സിനോജ്, അഗ്നിരക്ഷാ ഓഫീസർ ഇ വൈശാഖ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് കെ പി സാക്സൺ, നഗരസഭ സെക്രട്ടറി ടി കെ സുജിത് തുടങ്ങിയവർ പങ്കെടുത്തും.