ഇടുക്കി: ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സാന്ത്വന സ്പര്‍ശം താലൂക്ക്തല സംഗമ പരിപാടി ഇടുക്കി ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളിലായി നടത്തും. വൈദ്യുതി മന്ത്രി എം എം മണി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ സാന്ത്വന സ്പര്‍ശ സംഗമത്തില്‍ പങ്കെടുത്തു പരാതികളും അപേക്ഷകളും പരിഗണിച്ചു തീര്‍പ്പു കല്പിക്കും.
ഉടുമ്പന്‍ചോല, പീരുമേട് താലൂക്ക്തല സാന്ത്വന സ്പര്‍ശം അദാലത്ത് ഫെബ്രുവരി 15ന് നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. അദാലത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപികരിച്ചു. ഉടുമ്പന്‍ചോല എല്‍.ആര്‍ തഹസില്‍ദാര്‍ കെ.എസ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെറ്റി.കുഞ്ഞിനെ സ്വാഗത സംഘം ചെയര്‍മാനായി തിരഞ്ഞെടുത്തു. ഉടുമ്പന്‍ചോല താലൂക്ക് പരിധിയിലെ നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാര്‍, കരുണാപുരം, വണ്ടന്‍മേട്, ചക്കുപള്ളം, ഉടുമ്പന്‍ചോല, സേനാപതി, രാജക്കാട്, രാജകുമാരി, ബൈസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരെ കമ്മിറ്റി അംഗങ്ങളായും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജുകുര്യനെ കണ്‍വീനറായും യോഗത്തില്‍ തിരഞ്ഞെടുത്തു.
റേഷന്‍കാര്‍ഡുകള്‍ എ.പി.എല്‍/ബി.പി.എല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പരാതികളും ഒഴികെ മറ്റെല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ പ്രവര്‍ത്തി സമയങ്ങളില്‍ സമര്‍പ്പിക്കാം. അതാത് താലൂക്ക് ഓഫീസുകളില്‍ ഈ സമയപരിധിക്കുള്ളില്‍ നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഉടുമ്പന്‍ചോല താലൂക്ക് ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍മാരായ എസ് മോഹനന്‍, തിലോത്തമ സോമന്‍, വിന്‍സി വാവച്ചന്‍, കെ.കെ സജി കുമാര്‍, ജിന്‍സണ്‍ വര്‍ക്കി, എം എസ് സതി, ശോഭന വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ഗോപകുമാര്‍, വില്ലേജ് ഓഫീസര്‍മാരായ പ്രദീപ് റ്റി.എ, രാധിക കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: ഉടുമ്പന്‍ചോല താലൂക്കില്‍ ചേര്‍ന്ന് സാന്ത്വന സ്പര്‍ശം അദാലത്ത് സ്വാഗതസംഘ രൂപികരണ യോഗം
#swathanasparsham
#udumbanchola