സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ പരമാവധി പരാതികള്‍ തീര്‍പ്പാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടി പി.വേണുഗോപാല്‍ പറഞ്ഞു. ഫെബ്രുവരി മൂന്നു മുതല്‍ ഒന്‍പതു വരെ പരാതികള്‍ സ്വീകരിക്കും. അദാലത്തിനു മുമ്പുതന്നെ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിനു മുന്നോടിയായി നടന്ന പ്രത്യേക അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സെക്രട്ടറി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ അവയ്ക്കുള്ള പദ്ധതി തയാറാക്കി നടപ്പാക്കുവാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. അദാലത്ത് വേദികളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.

അദാലത്ത് വേദിയില്‍ ലഭിക്കുന്ന പുതിയ പരാതികളില്‍ പരിഹാരം കാണാന്‍ കഴിയുന്നവ അപ്പോള്‍ തന്നെ പരിഹരിക്കും. അല്ലാത്തവ പരിശോധിച്ചതിനു ശേഷം തീര്‍പ്പാക്കും. അദാലത്ത് വേദിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കണം. ജില്ലയിലെ എംപി, എംഎല്‍എ മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ യോഗം വിളിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എഡിഎം അലക്‌സ് പി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷകള്‍ ഫെബ്രുവരി 3 മുതല്‍ 9 വരെ സ്വീകരിക്കും

സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ ഫെബ്രുവരി 3 മുതല്‍ 9 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. പ്രളയം, ലൈഫ് മിഷന്‍, പോലീസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കുന്നതല്ല. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.
ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് അദാലത്തിനു ജില്ലയില്‍ നേതൃത്വം നല്‍കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടത്തുന്നത്.
ഫെബ്രുവരി 15 ന് കോഴഞ്ചേരി, അടൂര്‍ താലൂക്കുകളുടെ അദാലത്ത് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍ ഓഡിറ്റോറിയത്തിലും 16ന് റാന്നി, കോന്നി താലൂക്കുകളിലെ അദാലത്ത് കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരീഷ് ഹാളിലും, 18ന് മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ അദാലത്ത് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലും നടത്തും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും അദാലത്ത് സംഘടിപ്പിക്കുക