ജില്ലയിലെ ഗവ. സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കെ വി വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു. കോങ്ങാട് ജി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന് യൂനിഫോമുകള്‍ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ജില്ലയിലെ ഏഴ് കൈത്തറി സംഘങ്ങളില്‍ നിന്നും 119 നെയ്ത്തുകാരുടെ ശ്രമഫലമായി 1,77,629.12 മീറ്റര്‍ തുണിയാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. യൂനിഫോം നെയ്യുന്ന ഓരോ ഘട്ടത്തിലും ക്വാളിറ്റി കണ്‍ട്രാള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മ ഉറപ്പു വരുത്താന്‍ ഓരോ തറിയില്‍ നിന്നും അര മീറ്റര്‍ തുണി ടെക്‌സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ലാബില്‍ നല്‍കിയാണ് ഹാന്‍വീവിന് കൈമാറുന്നത്. കൂലിയിനത്തില്‍ 78 ലക്ഷം ബന്ധപ്പെട്ട നെയ്തുക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. 18629 അപ്പര്‍ പ്രൈമറി ആണ്‍ക്കുട്ടികള്‍ക്കും 17926 പെണ്‍കുട്ടികള്‍ക്കുമായി 1,77,629 മീറ്റര്‍ കൈത്തറിയാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ 12 സബ്ജില്ലകളിലും ഹാന്‍വീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിക്കുള്ള കൈത്തറി യൂനിഫോം എത്തിക്കൊണ്ടിരിക്കുകയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മേഖലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1,67,64,976 രൂപയാണ് ചെലവഴിച്ചത്.
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയെയും കൈത്തറി മേഖലയെയും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വിഷു കൈനീട്ടമാണ് ഈ സൗജന്യ കൈത്തറി യൂനിഫോം വിതരണം. പ്രതിസന്ധിയിലായ പരമ്പരാഗത കൈത്തറി വ്യവസായത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ന്യായമായ കൂലി ലഭ്യമാക്കാനും സര്‍ക്കാരിന്റെ പദ്ധതിയിലൂടെ കഴിഞ്ഞതിന്റെ തെളിവാണ് ജില്ലയിലെ 36,555 വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണമെന്ന് കെ വി വിജയദാസ് എംഎല്‍എ പറഞ്ഞു. നാടിന്റെ തനത് പൈതൃകം നിലനിര്‍ത്താനുള്ള കേരളത്തിന്റെ ജനകീയ സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമാണിത്. ഉല്‍പ്പാദിപ്പിച്ച കൈത്തറികള്‍ വില്‍ക്കാനാവാതെയും യാതൊരു സബ്‌സിഡി നല്‍കാതെയും അവഗണിക്കപ്പെട്ട വിഭാഗത്തിന് ഉണര്‍വേകാന്‍ പദ്ധതിയിലൂടെ സാധിച്ചു. മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെ രീതി ശാസ്ത്രത്തില്‍ മാറ്റം കൊണ്ടുവന്നതില്‍ സര്‍ക്കാര്‍ വിജയം കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലത അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ വി രാജ്‌മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബിനുമോള്‍ മുഖ്യാതിഥിയായി. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം സി.കെ രജനി, കോങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സേതുമാധവന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.സി. ജയശങ്കര്‍, വാര്‍ഡ് മെംബര്‍ എം.എസ് ദേവദാസ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂടി രജിസ്ട്രാര്‍ ആര്‍. സുരേഷ്ബാബു, ജില്ലാ എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ പി കൃഷ്ണന്‍, എലപ്പുള്ളി കൈത്തറി സഹകരണ സംഘം പ്രസിഡന്റ് എ ചന്ദ്രന്‍, പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി അനിത തുടങ്ങിയവര്‍ സംസാരിച്ചു.
