Kerala’s Top 50 Policies and Projects-39

ദീർഘവീക്ഷണത്തോടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് നിരവധി പദ്ധതികളാണ് സംസ്ഥാനസർക്കാർ കഴിഞ്ഞ നാലര വർഷം നടപ്പിലാക്കിയത്. ഓരോ മേഖലയിലും വരും വർഷങ്ങളിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ മുന്നിൽകണ്ടാണ് നൂതന ആശയങ്ങൾ സർക്കാർ ആവിഷ്‌കരിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് ഭാവിയിൽ ആവശ്യമായി വരുന്ന അടിത്തറയാണ് ഇങ്ങനെ സർക്കാർ ഒരുക്കുന്നത്. . ഇതിൽ ചുരുക്കം ചില പദ്ധതികളെ ഇന്നത്തെ ലേഖനത്തിൽ പരിചയപ്പെടുത്താം.

ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നർമ്മിക്കാൻ കമ്പിനി രൂപീകരിച്ചത് കേരള സർക്കാരാണ്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി), കെൽട്രോൺ, രാജ്യാന്തര ഐ.ടി കമ്പനിയായ യു.എസ് ടെക്‌നോളജി ,സ്റ്റാർട്ടപ്പ് കമ്പനിയായ അക്‌സലറോൺ എന്നിവരുടെ പങ്കാളിത്തത്തോടു കൂടിയാണ് ‘കൊക്കോണിക്‌സ്’ ലാപ്‌ടോപ് ബ്രാൻഡ് വിപണിയിൽ എത്തിച്ചത്.
മിതമായ നിരക്കിൽ ജനങ്ങൾക്ക് മികച്ച സൗകര്യമുള്ള ലാപ്‌ടോപ് ലഭ്യമാക്കാൻ കൊക്കോണിക്‌സിലൂടെ സർക്കാരിന് സാധിച്ചു.

ലാപ്‌ടോപ് നിർമ്മാണം യാഥാർത്ഥ്യമാക്കിയതിന് ശേഷം പാവപ്പെട്ടവർക്കും ലാപ്‌ടോപ് നൽകാനായി കെ.എസ്എഫ്.ഇയുടെ നേതൃത്വത്തിൽ വിദ്യാശ്രീ ചിട്ടി ആരംഭിച്ചു. ഓരോ മാസവും 500 രൂപ വീതം 30 തവണകളായാണ് തുക അടയ്ക്കേണ്ടത്. ഇതിൽ ആദ്യ മൂന്ന് മാസത്തെ തുകയായ1500 രൂപ അടയ്ക്കുമ്പോൾ കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്‌ടോപ് ലഭിക്കും. സമൂഹത്തിൽ ഡിജിറ്റൽ അന്തരം കുറക്കുക എന്ന ലക്ഷ്യത്തോടെയും ഓൺലൈൻ പഠന കാലഘട്ടത്തിൽ ഓരോ വീട്ടിലും ലാപ്‌ടോപ് എത്തിക്കുക എന്ന രീതിയിലും ആവിഷ്‌കരിച്ച ഈ പദ്ധതി അന്താരാഷ്ട്ര തലത്തിൽ പുതിയ മാതൃക തന്നെ സൃഷ്ടിച്ചു. ഇതിനോടൊപ്പം എല്ലാ വീട്ടിലും മിതമായ നിരക്കിൽ ഇന്റർനെറ്റ് സൗകര്യകൂടി ലഭിക്കുന്ന കെ ഫോൺ പദ്ധതി വരുന്നതോടുകൂടി കേരളം ഡിജിറ്റൽ അന്തരം കുറയ്ക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായി മാറും.

ദീർഘ വീക്ഷണത്തോടെയുള്ള ഇത്തരത്തിലുള്ള പദ്ധതികളാണ് എല്ലാ മേഖലയിലും സർക്കാർ നടപ്പാക്കുന്നത്. ഇ-ഹെൽത്ത് പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രതലത്തിൽ കുടുംബങ്ങളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി മികച്ച സേവനം ലഭ്യമാക്കാൻ സർക്കാരിനായി. വീട്ടിലിരുന്ന് സാധാരണക്കാർക്കും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ഇ-സഞ്ജീവനി എന്ന ഓൺലൈൻ കൺസൾട്ടേഷൻ സംവിധാനം ഏർപ്പെടുത്തിയതിലൂടെ ആരോഗ്യരംഗത്ത് പുതിയ ഏടാണ് കേരളം തുറന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ ആരോഗ്യ സേവനങ്ങളും നിർദ്ദേശങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നൽകിയതിലൂടെ ഭാവിയിൽ കൂടുതൽ സേവനങ്ങൾ ആധുനിക സംവിധാനങ്ങളിലേക്ക് കൊണ്ടുവരാൻ വേഗത്തിൽ സാധിക്കും.

പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാൻ കേരളം വൈദ്യുത വാഹന നയം ആവിഷ്‌കരിച്ചു. രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട് ‘ആദിത്യ’ വൈക്കം – തവളകടവ് റൂട്ടിൽ സർവീസ് നടത്തുന്നു. 310 സി.എൻ.ജി ബസും 400 എൽ.എൻ.ജി ബസും 50 ഇലക്ട്രിക് ബസുകളും കിഫ്ബിയുടെ ധനസഹായത്തോടെ ഓർഡർ ചെയ്ത് പൊതുഗതാഗത രംഗത്ത് ഊർജ്ജക്ഷമതയും പരിസ്ഥിതി സൗഹാർദ്ദവുമായ ഭാവി നയമാണ് കെ.എസ്.ആർ.ടി.സി യാഥാർത്ഥ്യമാക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ വെഹിക്കിൾ പ്രോജക്ട് എസ്.ഇ.ടി കോളേജിൽ ആരംഭിച്ചു. ഓരോ മേഖല പരിശോധിക്കുമ്പോഴും ഗതാഗതമേഖലയിൽ സ്വീകരിച്ചപോലെ ദീർഘവീക്ഷണത്തോടെയും കരുതലോടെയും സർക്കാർ നടത്തുന്ന ഇടപെടലുകൾ മനസിലാക്കാൻ സാധിക്കും.

കേരളത്തിന്റെ എല്ലാമേഖലകളിലും കാലോചിതവും ഭാവനസമ്പന്നവുമായ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ രാജ്യത്തിനകത്തും പുറത്തും പുതിയ മാതൃകയാണ് കഴിഞ്ഞ നാലരവർഷക്കാലം സർക്കാർ സൃഷ്ടിച്ചത്.

#keralastop50policiesandprojects
,#keralaleads