കൊല്ലം: മാലിന്യ സംസ്‌കരണ സംവിധാനത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കാന്‍ ജില്ലയ്ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷ•ാരുടെയും സെക്രട്ടറിമാരുടെയും യോഗം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വേണ്ട വിഭവങ്ങളൊരുക്കാന്‍ ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ സഹായത്തോടെ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞു. സുഭിക്ഷകേരളം പദ്ധതിയിലൂടെ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തയിലേയ്ക്ക് എത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍ അധ്യക്ഷയായി.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് ഡേറ്റാ ബാങ്ക് ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത പഞ്ചായത്തുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. നിയമത്തിന് വിരുദ്ധമായി കുന്നുകള്‍ ഇടിച്ചു നിരത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോലീസുമായി സഹകരിച്ചു ഇതിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ആധുനിക സജ്ജീകരണങ്ങളോടെ ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണം.

പദ്ധതിക്ക് വേണ്ട സ്ഥലം കണ്ടെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പഞ്ചായത്ത് സമിതികള്‍ ചേരുമ്പോള്‍ ടേക്ക് എ ബ്രേക്കിന് മുന്‍തൂക്കം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാര്‍ഡുതല മോണിറ്ററിങ് കമ്മിറ്റികള്‍, ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പ് എന്നിവ പഞ്ചായത്ത് തലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. മോണിറ്ററിങ് കമ്മിറ്റികളുടെ മികച്ച ഇടപെടലുകളിലൂടെ കോവിഡ് കേസുകളുടെ എണ്ണം കുറച്ചുകൊണ്ട് കോവിഡ് മുക്ത പഞ്ചായത്തുകളായി മാറാന്‍ കഴിയണമെന്ന് പഞ്ചായത്ത് അധ്യക്ഷന്‍മാരോട് കലക്ടര്‍ ആവശ്യപ്പെട്ടു.

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്ന് വീതമോ രണ്ട് പഞ്ചായത്തുകള്‍ ചേര്‍ന്ന് ഒന്ന് എന്ന രീതിയിലോ ചികിത്സാ കേന്ദ്രങ്ങള്‍ രൂപീകരിക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറാകണമെന്നും കലക്ടര്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇനിയും നവീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. കൂടാതെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട്  ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് അവരെ ബോധവത്കരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടലുകള്‍ നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.