* അർഹർക്ക് ക്വാർട്ടേഴ്‌സ് ലഭ്യമാക്കുക സർക്കാർ നയം -മുഖ്യമന്ത്രി


തിരുവനന്തപുരം മ്യൂസിയം ഒബ്‌സർവേറ്ററി ഹില്ലിൽ സർക്കാർ ജീവനക്കാർക്കായി രണ്ട് ബഹുനില ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഏറ്റവും അർഹർക്ക് ഇത്തരം ക്വാർട്ടേഴ്‌സുകൾ ലഭ്യമാക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥർക്ക് താമസസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സൗകര്യങ്ങളുള്ള നവകേരള മന്ദിരങ്ങൾ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവനക്കാർക്ക് താമസിക്കുന്നതിന് 4000ൽ പരം ക്വാർട്ടേഴ്‌സുകളാണുള്ളത്. ഇതുകൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുമുണ്ട്. പാലക്കാട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ 18 ക്വാർട്ടേഴ്‌സുകൾ വീതം ഈ സർക്കാർ പണികഴിപ്പിച്ചു. കൊല്ലം, കോട്ടയം ജില്ലകളിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമാണം ഇക്കാലയളവിൽ പൂർത്തിയാക്കി.

സർക്കാർ ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ ഉയരാറുണ്ട്. സംസ്ഥാനത്ത് താമസം സൗകര്യം വേണ്ട ഒട്ടേറെ ജീവനക്കാർ അപേക്ഷകരായി ഇപ്പോഴുമുണ്ട്. അങ്ങനെ സാഹചര്യം നിലനിൽക്കുമ്പോൾ ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതും ഒഴിയുന്നതും മറ്റുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകൾ കാട്ടുന്ന ചില ജീവനക്കാരുണ്ട്. സമൂഹത്തിൽ മാതൃക കാട്ടേണ്ട സർക്കാർ ജീവനക്കാരിൽനിന്ന് നിയമവിരുദ്ധമോ അനൗചിത്യമോ ആയ നടപടികൾ ഉണ്ടാകുന്നത് അനുവദിക്കാനാവില്ല. ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ട പരാതികൾ സത്യസന്ധമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ അനീതിയുണ്ടെങ്കിൽ മാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ജീവനക്കാർ തയാറാകണം.

ക്വാർട്ടേഴ്‌സുകളിൽ ജല കണക്ഷനുമായി ബന്ധപ്പെട്ട കുടിശ്ശിക ബിൽ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സിവിൽ സർവീസിനെ പ്രാധാന്യത്തോടെ കണ്ട് അതിനനുസരിച്ചുള്ള പ്രവർത്തന സംസ്‌കാരം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നാടിന് ഗുണമുള്ള വികസന പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ വന്നശേഷം ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതിലെ ചട്ടവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കാൻ കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരൻ പറഞ്ഞു. സമയബന്ധിതമായി ഒബ്‌സർവേറ്ററിയിലെ ക്വാർട്ടേഴ്‌സുകളുടെ നിർമാണം പൂർത്തിയാക്കാനായതായും ഏതുതരം നിർമാണവും ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാർ എം.എൽ.എ, കൗൺസിലർ പാളയം രാജൻ, പി.ഡബഌയു.ഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട്, ചീഫ്് ആർകിടെക്റ്റ് പി.എസ്. രാജീവ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ എം.ജി ലൈജു, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ. ബിജു, ഒബ്‌സർവേറ്ററി ക്വാർട്ടേഴ്‌സ് റസിഡൻറ്‌സ് അസോസിയേഷൻ പ്രസിഡൻറ് ബി. ജയചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


രണ്ടു ബ്‌ളോക്കുകളിലായി മൂന്നുനിലകളിലായി 12 അപ്പാർട്ട്‌മെൻറുകൾ

തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ നേപ്പിയർ കാഴ്ചബംഗ്ലാവിനും മൃഗശാലയ്ക്കും സമീപമായി അഞ്ചേക്കർ ഒബ്‌സർവേറ്ററി ഹില്ലിൽ രണ്ടു ബ്‌ളോക്കുകളിലായി ടൈപ്പ്-3, ടൈപ്പ്-4 വിഭാഗങ്ങളിലായി മൂന്നുനിലകളിലായി 12 അപ്പാർട്ട്‌മെൻറുകളാണ് പുതുതായി നിർമിച്ചിരിക്കുന്നത്. നവകേരള മന്ദിരം ബ്‌ളോക്ക് എ സമുച്ചയത്തിൽ 194 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ടൈപ്പ് 4 ക്വാർട്ടേഴ്‌സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്നു കിടപ്പുമുറികൾ, ഒരു ഡ്രോയിംഗ് കം ഡൈനിംഗ്, അടുക്കള, വർക്ക് ഏരിയ, സ്‌റ്റോർ, വരാന്ത എന്നിവയുണ്ട്. എല്ലാ കിടപ്പുമുറിയും ബാത്ത് അറ്റാച്ച്ഡ് ആണ്.

നവകേരള മന്ദിരം ബ്‌ളോക്ക് ബി സമുച്ചയത്തിൽ 161 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടൈപ്പ് 3 ക്വാർട്ടേഴ്‌സുകളാണുള്ളത്. രണ്ടു ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറികൾ, ഡ്രോയിംഗ് കം ഡൈനിംഗ്, അടുക്കള, വർക്ക് ഏരിയ, സ്‌റ്റോർ, വരാന്ത എന്നിവയുണ്ട്. ഒാരോ ഫ്‌ളോറിലും രണ്ടു കുടുംബങ്ങൾക്ക് വീതം താമസിക്കാൻ കഴിയുള്ള രീതിയിൽ മധ്യഭാഗത്ത് സ്‌റ്റെയർ റൂം ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. വാഹനപാർക്കിംഗിനും സൗകര്യമുണ്ട്.

മൂന്നു നിലകളുള്ള കെട്ടിടങ്ങൾ ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ചർ ആയാണ് രൂപകൽപന ചെയ്തിട്ടുള്ളത്. കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് ആർകിടെക്ചറൽ വിഭാഗവും സ്ട്രക്ചറൽ രൂപകൽപന പൊതുമരാമത്ത് ഡിസൈൻ വിഭാഗവുമാണ് തയാറാക്കിയത്.