ഇടുക്കി: കോവിഡ് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും, കുട്ടികളെ പോളിയോയിൽ നിന്ന് സംരക്ഷിക്കാൻ നടത്തുന്ന പൾസ്പോ ളിയോ പരിപാടി പൂർണ്ണ വിജയമാക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലയിലെ 5 വയസ്സിൽ താഴെ പ്രായമുള്ള 70 1811 കുട്ടികൾക്കാണ് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 1039 വാക്സിനേഷൻ ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികൾ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഉപകേന്ദ്രങ്ങൾ സ്വകാര്യ ആശുപത്രികൾ അംഗൻവാടികൾ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലൂടെ രാവിലെ എട്ട് മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ പോളിയോ തുള്ളിമരുന്ന് നൽകിയത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന്‍ പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും.

പരിശീലനം ലഭിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർ ആശാവർക്കർമാർ അംഗനവാടി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ ആരോഗ്യസേന പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 2219 ബൂത്തുതല വാക്സിനേറ്റേഴ്സിന് കേന്ദ്രങ്ങളിലുണ്ടായിരുന്നു. പഞ്ചായത്ത് ബ്ലോക്ക് ജില്ല തലങ്ങളിലെ പരിപാടികളുടെ മേൽനോട്ടത്തിനായി 175 സൂപ്പർവൈസർമാരെയും നിയമിച്ചിരുന്നു. കൂടാതെ സംസ്ഥാന നിരീക്ഷകരും ഇതിന്റെ മികവുറ്റ നടത്തിപ്പിനായി ജില്ലയിൽ എത്തിയിരുന്നു.
പരിപാടിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് പോൾ മുഖ്യ പ്രഭാഷണവും, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ വിഷയാവതരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ, ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആൻസി തോമസ്, ഗ്രമപഞ്ചായത്ത് മെമ്പർ സെലിൻ വി.എം., ആർ.സി.എച്ച്.ഓഫീസർ ഡോ.സുരേഷ് വർഗ്ഗീസ്, ഡി.പി.എം. ഡോ. സുജിത് സുകുമാരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ആർ.അനിൽകുമാർ, വാഴത്തോപ്പ് മെഡിക്കൽ ഓഫീസർ ഡോ.സിബി ജോർജ്ജ് എന്നിവർ സംസാരിച്ചു.