കാസര്‍കോട് വികസന പാക്കേജില്‍ ആവിഷ്‌ക്കരിച്ച 113.3 കോടി രൂപ വരുന്ന സമഗ്ര ജലസംരക്ഷണ പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതോടെ കാസര്‍കോടിന് ജലദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജിലെ സമഗ്ര ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡാം ഇല്ലാത്തതിന്റെ പ്രശ്‌നം കാസര്‍കോടിന് ഉണ്ടെങ്കിലും ചെറിയ തോതിലുള്ള ജലസംരക്ഷണ സംവിധാനമായ ചെക്ക്ഡാമുകള്‍, വിസിബികള്‍ തുടങ്ങിയവയിലൂടെ കുടിക്കാനും ജലസേചനത്തിനും വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയില്‍ ടാങ്കറില്‍ കുടിവെള്ളം കൊടുക്കേണ്ടി വന്നില്ല. സമഗ്ര ജലസംരക്ഷണ പദ്ധതികള്‍ പൂര്‍ണ്ണമായും യാഥാര്‍ഥ്യമാവുന്നതോടെ കിണറുകളില്‍ ജലനിരപ്പുയരും. ഏതാനും വര്‍ഷം കുടിവെള്ളം കൊടുക്കേണ്ടിവരുന്ന പണം മതി ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍. കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ചെക്ക്ഡാമുകള്‍, വിസിബികള്‍, മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴകളുടെ പുനരുജ്ജീവന പദ്ധതികള്‍, നൂതന റബ്ബര്‍ ചെക്ക് ഡാമുകള്‍, തുടങ്ങിയവയാണ് സമഗ്ര ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി നടത്തി. ജില്ലയുടെ കുടിവെള്ള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരം കാണുകയെ ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.