പാലക്കാട്: സംസ്ഥാന സര്ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് നടപ്പാക്കുന്ന ജൈവ കാര്ഷിക പദ്ധതിയായ ‘തിയേട്രംഫാര്മെ’ രണ്ടാംഘട്ട പദ്ധതിക്ക് കണ്ണമ്പ്ര വാളുവച്ച പാറയില് തുടക്കമായി. പട്ടികജാതി- പട്ടികവര്ഗ – പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സാംസ്ക്കാരിക രംഗത്ത് അത്ഭുതകരമായ പ്രവർത്തനങ്ങൾ നടത്താനായെന്ന് മന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളെയും കലയുമായി കൂട്ടിയിണക്കി ജനകീയ ഉത്സവമായി മാറ്റിയെടുക്കുകയാണ് തിയേട്രംഫാര്മെ. ജൈവ കൃഷിയിലൂടെ ലഭിക്കുന്ന വിളവ് വൃദ്ധസദനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
കലാ-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പെൻഷൻ തുക ഇരട്ടിയായി ഉയർത്തി. കോവിഡ് ധനസഹായം കിട്ടാത്ത കലാകാരന്മാർക്ക് 1000 രൂപ വീതം നൽകാൻ മൂന്ന് കോടി രൂപ അനുവദിച്ചു. ഇതിന്റെ ഗുണം 30,000 കലാകാരന്മാർക്ക് ലഭിക്കും. എഴുത്തച്ഛൻ പുരസ്ക്കാരം ഉൾപ്പെടെയുള്ള അവാർഡുകളുടെ തുക വർധിപ്പിച്ചു. മണ്മറഞ്ഞ സാംസ്ക്കാരിക പ്രവർത്തകരെ അനുസ്മരിക്കാൻ സംസ്ഥാന വ്യാപകമായി സ്മാരക നിർമ്മാണത്തിന് തുടക്കമിട്ടു. സാംസ്ക്കാരിക രംഗത്തെ പ്രവർത്തനങ്ങൾ കേരളത്തിൽ ഇതുവരെ കാണാത്ത തരത്തിൽ മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് രാജ്യങ്ങളിലും രണ്ട് സംസ്ഥാനങ്ങളിലുമായി ഒതുങ്ങി നിന്ന മലയാളം മിഷൻ പ്രവർത്തനം 44 രാജ്യങ്ങളിലേക്കും 24 സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ വിതയുത്സവം ഉദ്ഘാടനം ചെയ്തു. ഗോത്രകലാകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ നഞ്ചിയമ്മ ജൈവ കൃഷിക്ക് ആരംഭം കുറിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാ- സാംസ്‌കാരിക പരിപാടികള് അരങ്ങേറി. നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന ഗോത്രഗാനങ്ങള്, കണ്ണമ്പ്ര കൈരളി വാദ്യകലാസമിതിയുടെ ശിങ്കാരിമേളം, വയലാറിന്റെ സര്ഗ്ഗ സംഗീതമെന്ന കവിതയെ ആസ്പദമാക്കി കലാമണ്ഡലം രേവതി അവതരിപ്പിച്ച ഭരതനാട്യാവിഷ്‌ക്കാരം, ചലച്ചിത്ര പിന്നണി ഗായകന് അനു പ്രവീൺ ,ആര്യാദേവി അവതരിപ്പിച്ച ‘മണ്പ്പാട്ടുകള്‘ മെഡ്ലെ, അട്ടപ്പാടി ആസാദ് കലാസംഘം അവതരിപ്പിച്ച ഇരുളനൃത്തവും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി.
ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്,കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചര്, ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം ശേഖരന് മാസ്റ്റര്, ഭാരത് ഭവന് മെമ്പര് സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനും തിയേട്രം ഫാര്മെ പ്രോജക്ട് ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്, കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ പി. സെയ്തലവി, ടി .ആര്. അജയന്, റെജിമോന്, ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എ.കെ ചന്ദ്രൻകുട്ടി, രാജേഷ് മേനോൻ, കെ.സി ബിനു, രാഷ്ട്രീയ -സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.