പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയെന്നും ഇതില്‍ കൂടുതല്‍ പേരുള്ളിടത്ത് ഓക്സിലറി പോളിംഗ് സ്റ്റേഷന്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിലറി പോളിംഗ് സ്റ്റേഷന്‍, കോവിഡ് നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനാണ് യോഗം ചേര്‍ന്നത്. നിലവിലുള്ള കെട്ടിടത്തിലോ, അതേ കോമ്പൗണ്ടിനുള്ളില്‍ താല്‍ക്കാലികമായി ഷെഡ് നിര്‍മിച്ചോ, 200 മീറ്റര്‍ ദൂര പരിധിയില്‍ കെട്ടിടം പുതുതായി കണ്ടെത്തിയോ ഓക്സിലറി പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കും.

ഇത്തവണ പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലായതിനാല്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അംഗപരിമിതര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എത്തിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി. നായര്‍, വി.കെ. പുരുഷോത്തമന്‍ പിള്ള, നൗഷാദ് കണ്ണങ്കര, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, ആര്‍. ജയകൃഷ്ണന്‍, ബിജു മുസ്തഫ, ജോണ്‍സ് യോഹന്നാന്‍, തഹസീല്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.