കണ്ണൂര്‍: കൊവിഡിൻ്റെ രണ്ടാം ഘട്ടത്തിൽ കേരളം പരാജയപ്പെട്ടിട്ടില്ല എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന് (ഡി ഇ ഐ സി ) നിര്‍മ്മിച്ച കെട്ടിടത്തിന്റെയും വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം നിർഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലിപ്പോഴും കൊവിഡ് മരണനിരക്ക് കുറവ് തന്നെയാണ്. കൃത്യമായ ടെസ്റ്റുകളും റിപ്പോർട്ടുകളും ഇപ്പോഴും തുടരുന്നുണ്ട്. വലിയൊരു പകർച്ചവ്യാധിയിലേക്കു നീങ്ങാതെ കൊവിഡിനെ പിടിച്ചു നിർത്താൻ തന്നെയാണ് കേരളം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിതാന്ത ജാഗ്രതായാണാവശ്യം. അതിന് ജനങ്ങൾ സ്വയം പ്രതിരോധം തീർക്കണം. ഒട്ടും നിരാശയില്ലാതെയാണ് ഇക്കഴിഞ്ഞ നാലര വർഷക്കാലം സർക്കാർ പൂർത്തിയാക്കിയത്. വികസന സ്വപ്നങ്ങൾ ഏറെയുണ്ട്. പൂർത്തീകരിച്ച പദ്ധതികളെല്ലാം അഭിമാനകരമായ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു.
നാല് ജില്ലകളിലെ ഡി ഇ ഐസി കെട്ടിടങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് മന്ത്രി ഓൺലൈനായി നിർവഹിച്ചു.നവീകരിച്ച പ്രസവ വാര്‍ഡുകളുടെയും പ്രസവ മുറിയുടെയും പ്രവര്‍ത്തനോദ്ഘാടനവും കാഷ്വാലിറ്റി ബ്ലോക്കിന്റെയും അഗ്‌നിസുരക്ഷാ സംവിധാനത്തിന്റെയും നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
3.64 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം (ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ) ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ മുതല്‍കൂട്ടാകും.
ജനനം മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ജനന വൈകല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും ചികിത്സാ സംവിധാനം ഒരുക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയുളള ജില്ലാതല കേന്ദ്രമാണ് മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
74.85 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രം സര്‍ക്കാര്‍ സംവിധാനത്തില്‍ മലബാര്‍ മേഖല യിലെ ആദ്യത്തെ സംരംഭമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദമ്പതികള്‍ക്ക് കേന്ദ്രം വലിയ പ്രത്യാശ നല്‍കും.
ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷിയേറ്റീവ് പ്രോഗ്രാം (ലക്ഷ്യ) പ്രകാരം 1.28 കോടി രൂപ ചെലവഴിച്ചാണ് പ്രസവമുറി, പ്രസവവാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയേറ്റര്‍, സെന്‍ട്രല്‍ ഗ്യാസ് പ്ലാന്റ് എന്നിവയുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 87 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് കൊവിഡ് ഐസൊലേഷന്‍ മുറികളും സെന്‍ട്രല്‍ വെയിറ്റിംഗ് ഏരിയ, നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ്, സ്റ്റേഷനറി സ്റ്റോര്‍, ആധുനികവല്‍ക്കരിച്ച ഫാര്‍മസി, മെഡിക്കല്‍ സ്റ്റോര്‍, മോഡുലാര്‍ അടുക്കള എന്നിവയും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് കാഷ്വാല്‍റ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തിക്കായി വകയിരുത്തിയിട്ടുള്ളത്. അഗ്‌നി സുരക്ഷാ സംവിധാനം, മഴവെള്ള സംഭരണി, പവര്‍ റൂം, ഓഫീസ് നവീകരണം ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനത്തിന് 2.50 കോടി രൂപയും അനുവദിച്ചിച്ചിട്ടുണ്ട്.
സംസ്ഥാന തല ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ, എം എൽ എ മാർ, എം എൽ എ മാർ, സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ സംബന്ധിച്ചു.മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി തയ്യാറാക്കിയ സഹയോഗി കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
ജയിംസ് മാത്യു എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.സാമൂഹ്യ സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്, പിഡബ്ള്യുഡി കെട്ടിട വിഭാഗം തലശ്ശേരി എക്സിക്യുട്ടീവ് എഞ്ചിനീയർ കെ ജിഷാ കുമാരി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി, ഡി പി എം അനിൽകുമാർ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി പി നാരായണൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ സാമൂഹ്യ, ആരോഗ്യ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു