കണ്ണൂര്‍  സമൂഹത്തില്‍ അവഗണന അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ട്രാന്‍സ്ജന്‍ഡേര്‍സിനായി നടത്തുന്ന കലാപരിശീലന പരിപാടികളുടെ ഉദ്ഘാടനം താവക്കര യു പി സ്‌കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്ന ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളും ഇവര്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനും തൊഴില്‍ വഴി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനും അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള ശ്രമമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഭിന്നലിംഗക്കാര്‍ക്കായി ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വരുന്നത്.

നൃത്തത്തില്‍ താത്പര്യമുള്ള പതിനാലു പേരാണ് ട്രൂപ്പിലുള്ളത്.  പത്തു ദിവസത്തെ പരിപാടിയില്‍ കണ്ണൂരിന്റെ തനത് നൃത്ത രൂപങ്ങളാണ് പരിശീലിപ്പിക്കുന്നത്.  2.5 ലക്ഷം രൂപയാണ് പരിപാടിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്്. പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ നൃത്തവും അരങ്ങേറി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. രത്‌നകുമാരി, യു പി ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ പി ശ്രീധരന്‍, സെക്രട്ടറി വി ചന്ദ്രന്‍, ട്രാന്‍സ് ജന്‍ഡര്‍ പ്രതിനിധി കാഞ്ചി, താവക്കര യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.