കണ്ണൂര്‍:  മൂന്ന്‌ വര്‍ഷം മുമ്പ്‌ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന്‌ സ്വദേശി വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലാണ്‌ തീരുമാനം.

വയറിംഗ്‌ ജോലി ചെയ്‌താണ്‌ വിനോദ്‌ ഭാര്യയും രണ്ട്‌ പെണ്‍ മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്‌. വിനോദ്‌ ജോലി കഴിഞ്ഞു വരുന്ന വഴി പുലര്‍ച്ചെ വീടിനു സമീപത്ത്‌ നിന്ന്‌ ആനയുടെ ആക്രമണത്തിന്‌ ഇരയാവുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എട്ട്‌ ദിവസം ഐസിയുവില്‍ ഉള്‍പ്പെടെ 38 ദിവസം കിടക്കേണ്ടി വന്നു. കാലിനും വാരിയെല്ലിനും പരിക്കേറ്റ ഇദ്ദേഹത്തിന്‌ ചികിത്സയ്‌ക്ക്‌ മാത്രമായി ഇതുവരെ 16 ലക്ഷം രൂപ ചെലവായി. 1.10 ലക്ഷം രൂപയാണ്‌ ആദ്യ തവണ സര്‍ക്കാരില്‍ നിന്ന്‌ നഷ്ടപരിഹാരം ലഭിച്ചത്‌. കാലിനും നട്ടെല്ലിനും പരിക്കേറ്റത്‌ കാരണം തൊഴിലും ചെയ്യാന്‍ പറ്റാതായി. മംഗലാപുരത്തു ചികിത്സ തുടര്‍ന്നു വരികയാണ്‌. ഇതിനായി മാസം രണ്ടായിരം രൂപയോളം ചെലവുണ്ട്‌. ആറ്‌ ലക്ഷം രൂപയോളം ബാങ്ക്‌ ലോണും ഉണ്ട്‌.

നിരവധി തവണ പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈയൊരു ഘട്ടത്തിലാണ്‌ സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ പരാതി നല്‍കിയത്‌.വിനോദിന്റെ പരാതി പരിഗണിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജില്ലാ വനം വകുപ്പ്‌ ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കും.