കണ്ണൂര്‍:  ആര്‍ച്ചറി താരമായ അനാമിക ലോക്ക്‌ഡൗണ്‍ കാലത്തെ തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായതിന്റെ സന്തോഷത്തിലാണ്‌. ഇഷ്ട കായിക ഇനമായ അമ്പെയ്‌ത്തില്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തിട്ടുണ്ടെങ്കിലും പരിശീനത്തിനാവശ്യമായ ഉപകരണങ്ങള്‍ സ്വന്തമായി ഇല്ലാത്തതിന്റെ പ്രയാസം എപ്പോഴും ഈ താരത്തിന്റെ വേദനയായിരുന്നു. കൊവിഡിനെ തുടര്‍ന്നുള്ള ലോക്‌ഡൗണ്‍ കാലത്ത്‌ വീട്ടില്‍ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ്‌ പരിശീലന കിറ്റില്ലാത്തതിന്റെ പ്രയാസം ശരിക്കും അലട്ടിയത്‌.

എന്നാല്‍ എന്നും ലക്ഷ്യത്തിലെത്തുന്നതില്‍ മിടുക്കിയായ അനാമികയുടെ ഈ സ്വപ്‌നവും ഒടുവില്‍ പൂവണിഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്താണ്‌ ഇതിന്‌ നിമിത്തമായത്‌.കൊവിഡ്‌ പ്രതിസന്ധി മൂലം വീട്ടിലായിരുന്നതിനാല്‍ പരിശീലനം മുടങ്ങിയ വിഷമത്തിലായിരുന്നു അനാമിക. പത്തു മാസങ്ങള്‍ക്കു ശേഷം കോളേജില്‍ തിരിച്ചെത്തിയപ്പോള്‍ അമ്പും വില്ലും വീണ്ടും കൈയിലെടുത്ത സമയത്ത്‌ താന്‍ അവയെ ഉമ്മവയ്‌ക്കുകയായിരുന്നുവെന്ന്‌ അനാമിക പറഞ്ഞു. അത്രയ്‌ക്ക്‌ ആത്മബന്ധമാണ്‌ ഇരുവരും തമ്മില്‍.

സ്വന്തമായി അമ്പെയ്‌ത്ത്‌ ഉപകരണം വേണമെന്ന ആഗ്രഹം പലപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും രണ്ടു ലക്ഷത്തിലധികം ചെലവ്‌ വരുന്ന ഇവ വാങ്ങിക്കുക അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ പത്തു മാസങ്ങള്‍ പരിശീലനം ഒന്നുമില്ലാതെ വീട്ടില്‍ ഇരുന്ന അനാമികയുടെ വിഷമം മനസ്സിലാക്കിയ അച്ഛനും അമ്മയുമാണ്‌ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായത്തിന്‌ അപേക്ഷിക്കാമെന്ന്‌ തീരുമാനിച്ചത്‌. അങ്ങനെയാണ്‌ ആര്‍ച്ചറി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ട്‌ ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി സഹോദരി ആത്മിക സുരേഷ്‌ അദാലത്തിനെത്തിയത്‌.

വ്യവസായ-കായിക വകുപ്പ്‌ മന്ത്രി ഇ പി ജയരാജന്‌ സമര്‍പ്പിച്ച പരാതിയില്‍ അനാമികയുടെ ഏറെ കാലത്തെ ആഗ്രഹം സഫലമാവുകയായിരുന്നു. അനാമികയ്‌ക്ക്‌ അമ്പെയ്‌ത്ത്‌ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു.

ഉളിക്കല്‍ കടത്തുംകടവിലെ ആശാരിപ്പണിക്കാരനായ കെ എന്‍ സുരേഷ്‌കുമാറിന്റെയും കൃഷ്‌ണ സുരേഷിന്റെയും മകളാണ്‌ അനാമിക. പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാഥിനിയാണ്‌. ആര്‍ച്ചറി സ്‌പോര്‍ട്‌സ്‌ അക്കാഡമിയുടെ ഹോസ്റ്റലില്‍ താമസിച്ചാണ്‌ പഠനം. 2014 മുതല്‍ ആര്‍ച്ചറി രംഗത്തുള്ള അനാമിക 2016 മുതല്‍ പങ്കെടുത്ത സ്‌റ്റേറ്റ്‌ മത്സരങ്ങളില്‍ എല്ലാം ഒന്നാം സ്ഥാനം നേടിയാണ്‌ വിജയിച്ചത്‌. ഖേലോ ഇന്ത്യ, ഏഷ്യാ കപ്പ്‌, യൂത്ത്‌ വേള്‍ഡ്‌ ചാംപ്യന്‍ഷിപ്പ്‌ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്‌.
അഞ്ച്‌ വര്‍ഷമായി കാന്‍സര്‍ ചികില്‍സയെടുക്കുന്ന അമ്മ കൃഷ്‌ണ സുരേഷിനുള്ള ധനസഹായത്തിനും അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനും പരിഹാരമായതിന്റെ ഇരട്ടി സന്തോഷത്തിലാണ്‌ അനാമികയും കുടുംബവും.