തിരുവനന്തപുരം  കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാആശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 3) രാവിലെ 11.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ ഏര്‍പ്പെടുത്തുന്ന രാത്രികാല ചികിത്സാ സൗകര്യം, ഗോസമൃദ്ധി-എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. മൃഗചികിത്സാ രംഗത്തും കര്‍ഷകര്‍ക്കും ഏറെ പ്രയോജനപ്രദമായ പദ്ധതികളാണിവ.
കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യ അതിഥിയാകും. മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്. ജയചന്ദ്രന്‍ നായര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇ.ജി പ്രേംജയിന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.