തിരുവനന്തപുരം:  ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3,440 പരാതികള്‍. ഇന്നു കൂടി (ഫെബ്രുവരി 02) പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടു കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായാണ് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരാണു ജില്ലയിലെ പരാതികള്‍ അദാലത്തില്‍ നേരിട്ടു പരിശോധിച്ചു തീര്‍പ്പുകല്‍പ്പിക്കുന്നത്.
റവന്യൂ, തൊഴില്‍, സിവില്‍ സപ്ലൈസ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണു ജില്ലയില്‍ ഇതുവരെ ലഭിച്ചവയില്‍ ഏറെയും. സഹകരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആഭ്യന്തര വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന ഓരോ പരാതിയും കളക്ടറേറ്റില്‍ അഞ്ചംഗ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഓഫിസുകളിലേക്ക് അയക്കും. ജില്ലാ ഓഫിസുകളില്‍ അതിവേഗത്തില്‍ പരാതികള്‍ക്കു തീര്‍പ്പുണ്ടാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും.
അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കുന്ന അപേക്ഷകള്‍ക്കു യാതൊരു ഫീസും ഈടാക്കില്ല. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും അദാലത്തില്‍ സ്വീകരിക്കുന്നതാണ്. പരാതി വിശദമായി പരിശോധന നടത്തി പരിഹാരം കാണുന്നതിനും വ്യക്തവും വിശദവുമായ മറുപടി അദാലത്തില്‍ വെച്ച് നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.അക്ഷയ കേന്ദ്രങ്ങള്‍ക്കു പുറമേ സിഎംഒ പോര്‍ട്ടല്‍(www.cmo.kerala.gov.in) വഴി നേരിട്ടും പരാതികള്‍ ഓണ്‍ലൈനായി നല്‍കാം. സിഎംഒ പോര്‍ട്ടലില്‍ ‘അപേക്ഷ/പരാതി സമര്‍പ്പിക്കുക’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
രണ്ടു താലൂക്കുകള്‍ക്ക് ഒരു ദിവസം എന്ന കണക്കിലാണ് ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പരാതികള്‍ പരിഗണിക്കാന്‍ നെയ്യാറ്റിന്‍കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്ത് നടക്കും. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലേയും പരാതികള്‍ പരിശോധിക്കും. ഒമ്പതിനു വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ പരാതികള്‍ പരിശോധിക്കും. ആറ്റിങ്ങല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വേദി.
രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അദാലത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാകും പരിശോധിക്കുക. എസ്.എം.വി. സ്‌കൂളാണു വേദി. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതല്‍ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികള്‍ കേള്‍ക്കും.