പാലക്കാട്: കൊച്ചി -ബാംഗ്ലൂര് വ്യവസായ ഇടനാഴിയുടെ ഭാഗമായി തരൂര് മണ്ഡലത്തിലെ കണ്ണമ്പ്രയില് ഒന്നാംഘട്ടത്തിലെ 292.89 ഏക്കര് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തില്. 470 ഏക്കര് ഭൂമി ഏറ്റെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതി നിര്വഹണത്തിനായി ഒന്നാംഘട്ടത്തില് മുഖ്യമന്ത്രി കൈമാറിയ 346 കോടി തുടര്നടപടിക്കായി പാലക്കാട് ജില്ലാ കലക്ടര്ക്ക് കൈമാറി. രണ്ടാംഘട്ടത്തില് 177.11 ഏക്കര് ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചു. എന്.എച്ച് 544 ന് സമീപം 2000 കോടി രൂപ ചെലവിലാണ് പാര്ക്ക് ആരംഭിക്കുന്നത്.
ഒമ്പത് മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യ വ്യവസായം, ലഘു എന്ജിനീയറിങ് വ്യവസായം, രത്‌ന -ആഭരണ ക്ലസ്റ്ററുകള്, പ്ലാസ്റ്റിക്- ഇ-വേസ്റ്റ്, ഖരമാലിന്യ റീസൈക്ലിങ്, ഓയില് ആന്ഡ് ഗ്യാസ്, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് എന്നിങ്ങനെ ഒന്പത് ക്ലസ്റ്ററുകള്. പദ്ധതി പൂര്ത്തിയാകുന്നതോടെ കൊച്ചി- പാലക്കാട് മേഖലാ ദക്ഷിണേന്ത്യയിലെ വ്യവസായിക മേഖലയായി മാറും. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഈ പദ്ധതി വഴി സൃഷ്ടിക്കപ്പെടാന് പോകുന്നത്.