ഇതുവരെ സംഭരിച്ചത് 250 ടണ്‍ നെല്ല്,
92,000 കിലോ അരി വിപണിയിലെത്തിച്ചു

പത്തനംതിട്ട: കൊടുമണ്ണിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് വിപണിയില്‍ എത്തിക്കുന്ന കൊടുമണ്‍ റൈസിന് ആവശ്യക്കാരേറുന്നു. ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് അറിയാത്തവര്‍ ചുരുക്കം.
കൂടുതല്‍ ആള്‍ക്കാരെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കൂടൂതല്‍ തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നതിനും പ്രദേശത്തെ ജനങ്ങള്‍ക്കു സുരക്ഷിത ഭക്ഷണം നല്‍കുന്നതിനും സാധിക്കുന്നു എന്ന ബോധ്യമാണ് കൃഷി വകുപ്പിനെയും കൊടുമണ്‍ ഗ്രാമ പഞ്ചായത്തിനെയും കൊടുമണ്‍ റൈസ് എന്ന സംരംഭത്തിലേക്ക് നയിച്ചത്. കൊടുമണ്‍ റൈസിന്റെ എട്ടാം ബാച്ചിന്റെ ഉദ്ഘാടനം ഈ മാസം അഞ്ചിന് നടക്കും.
2019 മുതല്‍ ഇതുവരെ 250 ടണ്‍ നെല്ല് സംഭരിക്കുകയും എട്ട് പ്രാവശ്യം പ്രോസസിംഗ് നടത്തുകയും 92,000 കിലോ അരി വിപണിയിലെത്തിക്കുകയും ചെയ്തു. കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി എന്ന സഹകരണ സംഘംവഴിയാണ് നെല്ല് സംഭരണം നടക്കുന്നത്. കോട്ടയം ഓയില്‍ പാം ഇന്ത്യയുടെ മോഡേണ്‍ റൈസ് മില്ലില്‍നിന്നു ശാസ്ത്രീയമായി നെല്ല് സംഭരിക്കുന്നതിന്റേയും അരിയാക്കുന്നതിനും വേണ്ട സാങ്കേതിക പരിജ്ഞാനവും വിദഗ്ധരുടെ സഹായവും നല്‍കിയാണ് ഈ സംരഭത്തിനായി താത്പര്യമുള്ള കര്‍ഷകരെ കണ്ടെത്തിയത്.
ഉത്തമ കാര്‍ഷിക മുറകകള്‍ പ്രകാരം കൃഷി ചെയ്യുന്ന 125 കര്‍ഷകരാണ് സംരഭത്തിന്റെ ആദ്യ നെല്ലുത്പാദകര്‍. 2019ലാണ് 12 ടണ്‍ അരിയുമായി കൊടുമണ്‍ റൈസിന്റെ ആദ്യവിപണനം ആരംഭിക്കുന്നത്. ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ കൊടുമണ്‍ റൈസിന്റെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചതോടെയാണ് ഈ സംരഭത്തിന് ആരംഭമായത്.
ഉമ, ജ്യോതി എന്നീ ഇനങ്ങളാണ് കൊടുമണ്‍ റൈസില്‍ വിപണനം നടത്തുന്നവ. 10 കിലോയുടെ ഉമ അരിക്ക് 600 രൂപയും ജ്യോതി അരിക്ക് 650 രൂപയുമാണ് വില ഈടാക്കുന്നത്. പ്രാദേശിക ഉത്പന്നം ബ്രാന്‍ഡാക്കി വില്‍ക്കാന്‍ സാധിക്കുന്നതിലൂടെ കര്‍ഷകര്‍ കൊയ്തെടുത്ത നെല്ല് അളന്നു കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില നല്‍കി സംഭരിക്കുവാന്‍ കഴിയുന്നുവെന്ന് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ്. കൂടുതല്‍ തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കി പ്രദേശത്തെ ജനങ്ങള്‍ക്കു സുരക്ഷിത ഭക്ഷണം ലഭ്യമാക്കാനാകുന്നു എന്നതും ഇത്തരം സംരഭങ്ങളിലൂടെ സാധിക്കുന്നു.