‘ആരും ഇറക്കിവിടില്ല, കടക്കെണിയൊരുക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും’ സാന്ത്വനസ്പർശം അദാലത്തിൽ പരാതികേട്ട മന്ത്രിയുടെ വാക്കുകൾ കുളിർകാറ്റ് പോലെയാണ് ചിന്നുവിന്റെ കാതിൽ എത്തിയത്. എടുത്തത് രണ്ടുലക്ഷം,
അടച്ചത് നാലുലക്ഷം അടയ്ക്കാനുള്ളത് ആറുലക്ഷം. സിനിമാക്കഥ പോലെ തോന്നുമെങ്കിലും മൂന്നര സെൻറ് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന
കുമ്മത്ത് വീട്ടിൽ ചിന്നുവിന്റെ
ബാധ്യതയുടെ ലിസ്റ്റാണിത്.

2013ലാണ് ചിന്നുവിന്റെ ഭർത്താവ് പരേതനായ നാരായണൻ തലപ്പിള്ളി താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നത്. കൂലിപ്പണി എടുത്താണ് 68 വയസ്സുള്ള ചിന്നു നാല് ലക്ഷം രൂപ അടച്ചുവീട്ടിയത്. പ്രായാധിക്യം മൂലം ജോലി ചെയ്യാൻ വയ്യാതായതോടെ പലിശക്ക് മുകളിൽ പലിശ കയറി ബാധ്യത ഇരട്ടിച്ചു.
ഉള്ള സ്ഥലം ജപ്തി ചെയ്തു പോകുമോ എന്ന ആശങ്കയായിരുന്നു ചിന്നുവിനെ അദാലത്തിൽ എത്തിച്ചത്.
പരാതി കേട്ട തദ്ദേശ വകുപ്പ് മന്ത്രി
എ സി മൊയ്തീൻ ബാങ്ക് അധികൃതരെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. അടിസ്ഥാന വിവരങ്ങളിൽ തന്നെ ക്രമക്കേട് തോന്നിയ മന്ത്രി സഹകരണ വകുപ്പിന്റെ വിജിലൻസ് വിഭാഗത്തിന് കേസ് കൈമാറി.

ചിന്നുവിനെ ആരും വീട്ടിൽ നിന്നും ഇറക്കി വിടില്ലെന്നും, വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കുന്നംകുളം നഗരസഭ കൗൺസിലർ പുഷ്പ മുരളിയുടെ സഹായത്തോടെയാണ് ചിന്നു അദാലത്തിൽ പങ്കെടുത്തത്.