ആലപ്പുഴ: തെങ്ങിൽ നിന്ന് വീണു അരയ്ക്ക് താഴേക്ക് തളർന്ന കാവാലം പഞ്ചായത്ത് പതിനൊന്നാം വാർഡ് സ്വദേശി കെ. ആർ രതിഷിന് ഇരട്ടി സാന്ത്വനമേകി സാന്ത്വന സ്പർശം അദാലത്ത്. ശരീരം തളർന്നതിനാൽ മറ്റ് ജോലികൾ ചെയ്യാൻ അവാത്തതനിക്ക് ലോട്ടറി കച്ചവടം നടത്തുന്നതിനു മുച്ചക്രവാഹനം വാങ്ങി നൽകുവാനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് രതീഷ് സാന്ത്വനസ്പർശം അദാലത്തിൽ എത്തിയത്.

പരിപാടിയിലേക്ക് കുറച്ച് ആളുകൾ ചേർന്ന് എടുത്തുകൊണ്ടുവന്ന രതീഷിനെ കണ്ട മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനും വേദിയിൽ നിന്നിറങ്ങി അദ്ദേഹത്തിനരികിലെത്തി വിവരങ്ങൾ തിരക്കി. പത്ത് വർഷങ്ങൾക്ക് മുൻപ് തെങ്ങിൽ നിന്ന് വീണതിനെ തുടർന്ന് ശരീരത്തിന് ബാധിച്ച തളർച്ചയും കുടുംബത്തിലെ ബുദ്ധിമുട്ടുകളും രതീഷ് മന്ത്രിമാരെ അറിയിച്ചു. അഞ്ച് വർഷം മുൻപ് സർക്കാർ സഹായത്താൽ ലഭിച്ച മുച്ചക്രവാഹനം മാസങ്ങൾക്ക് മുൻപ് മറ്റൊരു അപകടത്തിൽ ഉപയോഗിക്കാനാവാത്ത വിധം തകർന്ന സങ്കടവും രതീഷ് മന്ത്രിമാരെ അറിയിച്ചു. രതീഷിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കിയ മന്ത്രിമാർ മുച്ചക്ര വാഹനം വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രതീഷിന് 10000 രൂപ ധനസഹായവും അനുവദിച്ചു.

മുൻകൂട്ടി അപേക്ഷ സമർപ്പിക്കാത്തതിനാൽ ആനുകൂല്യങ്ങൾ കിട്ടുമോ എന്ന സംശയത്തിലാണ് മന്ത്രിമാരെ കാണാൻ രതീഷ് എത്തിയത്.. എന്നാൽ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ മന്ത്രിമാർ മുച്ചക്രവാഹനത്തിന് പുറമേ ധനസഹായവും അനുവദിച്ചതറിഞ്ഞ് വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ് രതീഷ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.