ആലപ്പുഴ: സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് രണ്ടാം ദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ നാലു താലൂക്കുകളിലായി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത് 5,66,17,000 രൂപ. 1, 2 തിയതികളിലായി നടന്ന അദാലത്തിൽ 10,536 പരാതികൾ ലഭിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4571 പരാതികൾ ആണ് ലഭിച്ചത്.
ഇന്ന് എടത്വയിൽ നടന്ന അദാലത്തിൽ മാത്രം 5797 പരാതികൾ ലഭിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2233 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1213 അപേക്ഷകൾ അപ്പോൾ തന്നെ പരിശോധിച്ച് തീർപ്പാക്കി. എടത്വയിൽ 2,55,65000 രൂപ അനുവദിച്ചു. അപേക്ഷകൾ പൂർണമല്ലാത്തതും ആവശ്യമായ സർട്ടിഫിക്കറ്റ് ഹാജരാകാത്ത കേസുകളുമാണ് ഉടൻ തീരുമാനം എടുക്കാൻ നിർദേശം നൽകി മാറ്റി വച്ചത്. 25000 രൂപ വരെയുള്ള തുക അപ്പോൾ തന്നെ നൽകുകയും 75ഓളം കേസുകൾ അധിക തുക നൽകണമെന്ന് ശുപാർശ യുമായി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയും ചെയ്തു.
നാല് സെക്കൻഡിൽ ഒരു ദുരിതാശ്വാസ ധനസഹായം എന്ന വേഗത്തിലാണ് സി.എം.ഡിആർ.എഫ് നടപടികൾ സ്വീകരിച്ചത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. റേഷൻ കാർഡുമായി ബന്ധപ്പെട്ടു വന്ന മുഴുവൻ അപേക്ഷകളിലും തീരുമാനമെടുത്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കുറഞ്ഞ കേസുകളിൽ അപ്പോൾതന്നെ റേഷൻകാർഡ് പ്രിൻറ് ചെയ്തു നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.