ആലപ്പുഴ: എടത്വായില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിന്നും മടങ്ങുമ്പോള്‍ സന്തോഷം കൊണ്ട് ഉഷയുടെ കണ്ണ് നിറഞ്ഞിരുന്നു. കാന്‍സര്‍ രോഗിയായ അമ്പലപ്പുഴ താലൂക്കിലെ പറവൂര്‍ സ്വദേശി ഉഷ ഹരിദാസിനു കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഏറെ പ്രതീക്ഷയോടെ എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ എത്തിയ ഇവര്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടാണ് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഉടനടി മന്ത്രി അവസ്ഥകള്‍ ചോദിച്ചറിഞ്ഞു പരിഹാരം നല്‍കുകയായിരുന്നു.
തുടക്കത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപയുടെ ധനസഹായമാണ് ഇവര്‍ക്ക് അനുവദിച്ചത്. എട്ട് വര്‍ഷമായി കാന്‍സര്‍ രോഗ ബാധിതയാണ്. തുടക്കത്തില്‍ തൊഴിലുറപ്പ് ജോലികള്‍ക്ക് പോയിരുന്നെങ്കിലും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനു കൂലിപ്പണിയാണ്. അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സുമനസ്സുകളുടെ സഹായത്തോടെയാണ് ജീവിച്ചു പോകുന്നത്. അദാലത്തില്‍ അപേക്ഷ പരിഗണിച്ച മന്ത്രിമാര്‍ ഉടന്‍ തന്നെ ചികിത്സാസഹായം അനുവദിക്കുകയായിരുന്നു.