കണ്ണൂർ: ജന്മനാ കേള്‍വിക്കുറവുള്ള കുരുന്ന്‌ ആശിത്തിന്റെ ഇരു ചെവികള്‍ക്കും ശസ്‌ത്രക്രിയ നടത്താന്‍ അവസരമൊരുങ്ങിയതിന്റെ സന്തോഷത്തിലാണ്‌ കുടുംബം. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പുനല്‍കിയതോടെയാണ്‌ ലക്ഷങ്ങള്‍ ചെലവ്‌ വരുന്ന ശസ്‌ത്രക്രിയ നടത്താന്‍ വഴിയൊരുങ്ങിയത്‌. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലായിരുന്നു ആശ്വാസ നടപടി. വടകര സ്വദേശി അജീഷ്‌ ശ്രുതി ദമ്പതികളുടെ മകനായ ആശിത്തിന്‌ ജന്മനാ രണ്ട്‌ ചെവികള്‍ക്കും കേള്‍വിക്കുറവുണ്ട്‌. നല്ല ശബ്ദത്തില്‍ പറഞ്ഞാല്‍ മാത്രമേ കുട്ടി ചെറുതായെങ്കിലും കേള്‍ക്കൂ.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ കേള്‍വി സഹായി ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുഴുവനായും കേള്‍വിശക്തി ലഭിക്കണമെങ്കില്‍ ഇരു ചെവികള്‍ക്കും ശസ്‌ത്രക്രിയ നടത്തണമായിരുന്നു. ‘ശ്രുതി തരംഗം’ പദ്ധതിയില്‍ ഒന്നര വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ മാത്രമേ സൗജന്യമായി രണ്ടു ചെവികള്‍ക്കും ശസ്‌ത്രക്രിയ നടത്താനാകൂ. ആശിത്തിന്‌ ഒരു വയസ്സും 10 മാസവുമാണ്‌ ഇപ്പോള്‍ പ്രായം. കുട്ടിയുടെ ശാരീരികമായ അസുഖങ്ങളെയും കൊവിഡിനെയും തുടര്‍ന്ന്‌ ഓപ്പറേഷന്‍ കാലാവധി വൈകിയതാണ്‌ പ്രതിസന്ധിയായത്‌. എന്നാല്‍ ഒന്നര വയസ്സ്‌ കഴിഞ്ഞതിനാല്‍ ഒരു ചെവിക്കു ശസ്‌ത്രക്രിയ നടത്താന്‍ മാത്രമാണ്‌ നിലവിലെ നിയമപ്രകാരം സാധിക്കുകയുള്ളൂ. രണ്ടാമത്തെ ചെവിക്ക്‌ ശസ്‌ത്രക്രിയ നടത്തണമെങ്കില്‍ ഒമ്പത്‌ ലക്ഷം രൂപ ചെലവുവരും. കൂലിപ്പണിക്കാരനായ തനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമാണ്‌ ഈ തുകയെന്നും രണ്ടാമത്തെ ചെവിക്കും സൗജന്യ ശസ്‌ത്രക്രിയ നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അജീഷ്‌ അദാലത്തിലെത്തിയത്‌.

പരാതി കേട്ട ആരോഗ്യ മന്ത്രി, കേരള സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ അഷീലുമായി അദാലത്തില്‍ വച്ചു തന്നെ ബന്ധപ്പെടുകയും ഒരു ചെവി ശ്രുതി തരംഗം പദ്ധതിയിലും രണ്ടാമത്തെ ചെവി പ്രത്യേക കേസായി പരിഗണിച്ചും ശസ്‌ത്രക്രിയ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുഞ്ഞിന്റെ ശസ്‌ത്രക്രിയക്കുള്ള തടസ്സങ്ങള്‍ മറികടക്കാനായതിന്റെ സന്തോഷത്തിലാണ്‌ ഈ കുടുംബം.