Kerala’s Top 50 Policies and Projects-42

കേരളത്തിൽ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തും ജല സംരക്ഷണ മേഖലയിലും കാർഷിക രംഗത്തും സമഗ്ര മാറ്റങ്ങൾ വരുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ ഹരിതകേരള മിഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ വികസന പദ്ധതികളുടെ ഭാഗമായും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ് ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ ഹരിത കേരള മിഷന് സർക്കാർ നൽകുന്ന പിന്തുണ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്.

ജലസംരക്ഷണവും ജലസുരക്ഷയും മുൻനിർത്തി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 412 കിലോ മീറ്റർ പുഴകളും 41,529 കിലോമീറ്റർ തോടുകളും പുനരുജ്ജീവിപ്പിക്കാനായത് ചരിത്ര നേട്ടമാണ്. ഇതിലൂടെ 60,116 ഏക്കർ വൃഷ്ടി പ്രദേശ പരിപാലനമാണ് സാധ്യമായത്. മലിനമായ ജലസ്രോതസ്സുകൾ ശുദ്ധീകരിച്ച് നീരൊഴുക്ക് സാധ്യമാക്കിയതിലൂടെ ഏക്കറുകണക്കിന് കൃഷി പുനാരാരംഭിക്കാനായി. 1013 തദ്ദേശ സ്ഥാപനങ്ങളിൽ നീർത്തട മാസ്്റ്റർ പ്ലാൻ തയ്യാറാക്കാനും ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന ക്യാമ്പയിനിലൂടെ നീർച്ചാലുകളും തോടുകളും ശുചീകരിക്കാനും ഹരിതകേരള മിഷന് സാധിച്ചു. 54,362 കിണറുകൾ റീച്ചാർജ് ചെയ്യൽ 23,158 കിണറുകളുടെ നിർമ്മാണം 13,942 കിണറുകളുടെ നവീകരണം 18,203 കുളങ്ങളുടെ നിർമ്മാണം 23,628 കുളങ്ങളുടെ നവീകരണം എന്നിവ സാധ്യമാക്കിയത് ഹരിത കേരള മിഷന് ലഭിച്ച പൊതുജന പിന്തുണയിലൂടെയും സ്വീകാര്യതയിലൂടെയുമാണ്.

ജല സംരക്ഷണത്തിനോടൊപ്പം വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി നിശ്ചയദാർഢ്യത്തോടെയും ഏകോപനത്തോടെയും നടത്തിയ പ്രവർത്തനങ്ങൾ വിജയം കണ്ടു. അജൈവ മാലിന്യ ശേഖരണത്തിനായി 805 തദ്ദേശ സ്ഥാപനങ്ങളിലെ 28,632 പേരടങ്ങുന്ന ഹരിത കർമ്മ സേനയെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംരഭ മാതൃകളാക്കി സജീവമായി പ്രവർത്തിപ്പിക്കുന്നതിന് ഹരിത കേരള മിഷന് സാധിച്ചു. 1,339 മെറ്റീരിയൽ കളക്ഷൻ സെന്ററുകളിൽ അജൈവ മാലിന്യം സംഭരിക്കുകയും 162 റിസോഴ്‌സ് റിക്കവറി സെന്ററുകളിൽ തരം തരിച്ച് പു:നചംക്രമണവും സംസ്‌കരണവും ചെയ്യുന്നതിലൂടെ ഹരിത കർമ്മസേന സംസ്ഥാനത്ത് പുതിയ മാലിന്യ നിർമാർജ്ജന സംസ്‌കാരമാണ് രൂപപ്പെടുത്തിയത്. റിസോഴ്‌സ് റിക്കവറി സെന്ററുകളിൽ പൊടിച്ച പ്ലാസ്റ്റിക്ക് ഉപയോഗിച്ച് 2023.34 കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ സാധിച്ചത് പ്ലാസ്റ്റിക് മാലിന്യ റീ സൈക്ലിംഗ് രംഗത്ത് പുതിയ മാതൃകയാണ് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ്, കല്യാണം തുടങ്ങിയ ചടങ്ങുകൾക്കൊക്കെ ഹരിത ചട്ടം പ്രാവർത്തികമാക്കാനുള്ള ക്യാമ്പയിൻ ജനകീയമാക്കാനും ഹരിത കേരള മിഷനിലൂടെ സാധിച്ചു. ഇതിലൂടെ സംസ്ഥാനത്തെ ഓഫീസുകൾ ഹരിത സ്ഥാപനങ്ങളാക്കാനും 600 ഓളം തദ്ദേശ സ്ഥാപങ്ങളെ ശുചിത്വ പദവിയിലെത്തിക്കാനും ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് പ്രകൃതിയെ സംരക്ഷിക്കാനുമൊക്കെ ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

ഹരിത കേരള മിഷന്റെ കൃഷി ഉപമിഷന്റെ നേതൃത്വത്തിൽ തരിശ് ഭൂമിയിൽ കൃഷിയിറക്കാനും കാമ്പസുകളെ ഹരിതാഭമാക്കാനും പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകാനും പച്ചത്തുരുത്തുകൾ സ്ഥാപിക്കാനും കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ സാധിച്ചു. മിഷൻ മാതൃകയിലുള്ള പ്രവർത്തനം ഏറ്റെടുത്ത് കേരളത്തിൽ പുതിയ ഹരിത സംസ്‌കാരം പടുത്തുയർത്താനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഹരിത കേരള മിഷന്റെ വിജയത്തിലൂടെ പ്രതിഫലിക്കുന്നത്.

#keralastop50policiesandprojects

#KeralaLeads